‘യു.ഡി.എഫിന് ചരിത്രവിജയം’; നിയമസഭാ ‘മഹായുദ്ധത്തിനുള്ള ഇന്ധനം’ ജനം നല്‍കിയെന്ന് വി.ഡി. സതീശന്‍

Jaihind News Bureau
Saturday, December 13, 2025

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയത് ചരിത്രത്തിലെ ഉജ്വല വിജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രതിപക്ഷം മുന്നോട്ടുവച്ച അജണ്ട തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. യുഡിഎഫ് കുറ്റപത്രവും മാനിഫെസ്റ്റോയും ജനങ്ങള്‍ കൃത്യമായി ചര്‍ച്ച ചെയ്തു. വിജയത്തിന് കാരണം ടീം യുഡിഎഫെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് എന്നാല്‍ ഒരുപാട് സാമൂഹിക ഘടകങ്ങള്‍ ഉള്‍പ്പെടുന്ന ഒരു പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോം ആണ്. ടീം യുഡിഎഫ് കേരളത്തിലെ ശ്രദ്ധേയമായ പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോം ആയി മാറി. ജനം വെറുക്കുന്ന സര്‍ക്കാര്‍ ആയി പിണറായി സര്‍ക്കാര്‍ മാറിയെന്നും ബിജെപിയുടെ അതേ വര്‍ഗീയതയാണ് പിണറായി സര്‍ക്കാരും സിപിഎമ്മും തുടരുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. മുന്‍ മന്ത്രി എം എം മണി ജനങ്ങളെ ആക്ഷേപിച്ചു. ക്ഷേമ പദ്ധതികളെ അട്ടിമറിച്ച സര്‍ക്കാര്‍ ആണിത്. കേരളത്തിന്റെ സമ്പദ്ഘടനയെ നശിപ്പിച്ച സര്‍ക്കാര്‍. ജനങ്ങള്‍ ഏല്‍പ്പിച്ച വിശ്വാസവും ഉത്തരവാദിത്വവും യുഡിഎഫ് ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം ആഹ്വാനംചെയ്തു.

വരുന്ന നിയമസഭ തിരഞ്ഞെടുപ്പെന്ന മഹായുദ്ധത്തിന് ജനങ്ങള്‍ നല്‍കിയ ഇന്ധനമാണ് ഈ വിജയം. തിരുവനന്തപുരത്ത് ബിജെപിക്ക് ജയിക്കാനുള്ള വഴിയൊരുക്കിയത് സിപിഎമ്മാണ്. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നില്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും കേരളത്തെ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.