കാലിക്കറ്റ് സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; ചരിത്രം തിരുത്തി എഴുതി കെഎസ് യു-എംഎസ്എഫ് സഖ്യം; 8 വർഷങ്ങൾക്ക് ശേഷം യൂണിയൻ ഭരണം എസ്എഫ്ഐക്ക് നഷ്ടമായി

 

കോഴിക്കോട്: കാലിക്കറ്റ്‌ സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ് യു – എംഎസ്എഫ് സഖ്യത്തിന് ചരിത്ര വിജയം. സർവകലാശാല യൂണിയനിലെ മുഴുവൻ ജനറൽ സീറ്റുകളിലും കെഎസ് യു – എംഎസ്എഫ് മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു. പത്തു വർഷത്തിന് ശേഷമാണ് സർവകലാശാല യൂണിയൻ യുഡിഎസ്എഫ് മുന്നണി പിടിക്കുന്നത്.

പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നുള്ള നിതിൻ ഫാത്തിമ(കെഎസ് യു)യാണ് കാലിക്കറ്റ് വിദ്യാർത്ഥി യൂണിയന്‍റെ പുതിയ ചെയർപേഴ്‌സണ്‍. ജനറൽ സെക്രട്ടറിയായി മുഹമ്മദ്‌ സഫ്‍വാനെയും തിരഞ്ഞെടുത്തു. പി.കെ. അർഷാദാണ് വൈസ് ചെയർമാൻ. ഷബ്‌ന കെ.ടി.യെ വൈസ് ചെയർപേഴ്സണായും അശ്വിൻ നാഥ്‌ കെ.പി.യെ ജോയിന്‍റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. ഹൈക്കോടതി നിർദേശ പ്രകാരം തിരഞ്ഞെടുപ്പ് നടപടികൾക്ക് പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പോലീസ് സുരക്ഷ ആവശ്യപ്പെട്ട് എംഎസ്എഫിന്‍റെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് കെഎസ് യു പ്രവർത്തകർ സർവകലാശാല സ്ഥാനത്ത് ആഹ്ലാദ പ്രകടനം നടത്തി.

കേരളത്തിലെ ക്യാമ്പസുകളിൽ സിദ്ധാർത്ഥന്മാരെ സൃഷ്ടിക്കാനുള്ള ഓട്ടത്തിനിടയിൽ വിദ്യാർത്ഥികളോടുള്ള കടമ മറന്നുവെന്നും അതിനുള്ള കൃത്യമായ മറുപടിയാണ് കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ ഫലത്തിലൂടെ വിദ്യാർത്ഥികൾ നൽകിയതെന്നും കെഎസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറും, എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസും വ്യക്തമാക്കി. കാലിക്കറ്റ് സർവ്വകലാശാലയിൽ യുഡിഎസ്എഫിന് മികച്ച വിജയം സമ്മാനിച്ച കോളേജ് യൂണിയൻ ഭാരവാഹികളെയും ഇതിനായുള്ള പ്രവർത്തനങ്ങൾ ക്രോഡീകരിച്ച കെഎസ് യു-എംഎസ്എഫ് നേതാക്കളെയും പ്രവർത്തകരെയും അഭിനന്ദിക്കുന്നതായും കെഎസ് യു- എംഎസ്എഫ് പ്രസിഡന്‍റുമാർ പറഞ്ഞു.

Comments (0)
Add Comment