രാജ്യം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുവാന്‍ കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനും കോണ്‍ഗ്രസിന് നവ ചൈതന്യം പകരുന്ന സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുവാനുമായി എഐസിസി സമ്മേളനം ചൊവ്വാഴ്ച ഗുജറാത്തിലെ അഹമ്മദാബാദില്‍ ആരംഭിക്കും. മഹാത്മാഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും ചരിത്രമുറങ്ങുന്ന അഹമ്മദാബാദ് മൂന്നാം തവണയാണ് എഐസിസി സമ്മേളനത്തിനു വേദിയാകുന്നുന്നത്.
വരും നാളുകള്‍ സംഘടനാ-ശാക്തീകരണത്തിന്റെ വര്‍ഷമായിരിക്കുമെന്ന് പ്രഖ്യാപിച്ച് കര്‍ണാടകയിടെ ബെല്‍ഗാവില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ തുടര്‍ച്ചയായിട്ടാണ് എഐസിസി യുടെ സമ്പൂര്‍ണ്ണ സമ്മേളനത്തിന് ചൊവ്വാഴ്ച അഹമ്മദാബാദില്‍ കൊടി ഉയരുന്നത്. മഹാത്മാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാര്‍ഷികവും സര്‍ദാര്‍ പട്ടേലിന്റെ നൂറ്റിഅന്പതാം ജന്മവാര്ഷികവും ആഘോഷിക്കുന്ന വേളയിലാണ് ചരിത്ര ഭൂമിയില്‍ രണ്ട് ദിവസത്തെഎഐസിസി സമ്മേളനം നടക്കുക.
ഇത് മൂന്നാം തവണയാണ് എഐസിസി സമ്മേളനത്തിനു അഹമ്മദാബാദ് ആതിഥേയത്വം വഹിക്കുന്നത്. 1902ലെ പതിനെട്ടാം സമ്മേളനത്തിനും 1921 ലെ, 36-ാം സമ്മേളനത്തിനുമാണ് അഹമ്മദാബാദ് നേരത്തെ വേദിയായത്.ഗുജറാത്തിലടക്കം രാജ്യത്താകമാനം വലിയൊരു തിരിച്ചു വരവിന് പാര്‍ട്ടിയെ ശക്തമാക്കുവാന്‍ ലക്ഷ്യമിട്ടാണ് സമ്മേളനം നടക്കുക. രാജ്യം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുവാന്‍ ഒട്ടനവധി കര്‍മ്മ പദ്ധതികളും കോണ്‍ഗ്രസിന് നവ ചൈതന്യം പകരുന്നതിന് ലക്ഷ്യമിട്ടുള്ള സുപ്രധാന തീരുമാനങ്ങളും സമ്മേളത്തില്കൈക്കൊള്ളും. ആശയ പ്രതിബദ്ധതയുള്ളവരെ സംഘടനാ തലത്തില്‍ ഉള്‍പ്പെടുത്തിയും മുഖ്യധാരയില്‍ അണിനിരത്തിയും സംഘടനാ-ശാക്തീകരണത്തിനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ ആസൂത്രണം ചെയ്യും..
തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ആവശ്യമായ വൈദഗ്ധ്യം ബൂത്ത്, മണ്ഡലം മുതല്‍ എഐസിസി തലങ്ങളില്‍ വരെ സജ്ജമാക്കുന്നതിനുള്ള പദ്ധതികളും ആവിഷ്കരിക്കും. സമ്മേളനത്തിന് മുന്നോടിയായി രാജ്യത്തെ ഡിസിസി അധ്യക്ഷന്മാരുടെ യോഗം എഐസിസി വിളിച്ചു ചേര്‍ത്തിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്‍പ്പെടെ DCC അധ്യക്ഷന്മാര്ക്ക് കൂടുതല്‍ പങ്കാളിത്വവും ചുമതലകളും വിവിധ സംഘടനാ കാര്യങ്ങളില്‍ നല്കുന്നതിലുള്ള തിരുമാനവും സമ്മേളത്തില്‍ ഉണ്ടാകും. ഇന്ത്യമുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്തി ശക്തമായ പ്രതിപക്ഷ നിര രൂപപ്പെടുത്തുന്നതിനും വിവിധ സംസ്ഥാനങ്ങളിലെ സഖ്യസാധ്യതകളും ചര്‍ച്ച ചെയ്യും. ദേശീയ പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള പ്രചരണങ്ങളുടെയും പ്രതിഷേധങ്ങളുടെ ഏകോപനങ്ങള്‍ സംബന്ധിച്ച തീരുമാനവും ഉണ്ടാകും. സമസ്ത മേഖലയിലും പാര്‍ട്ടിയെ കൂടുതല്‍ കരുത്താര്ജ്ജിപ്പിക്കുന്നതിനുള്ള ക്രിയാത്മക ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും എഐസിസി സമ്മേളനത്തില്‍ രൂപപ്പെടുത്തും.