ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്; ദുരൂഹതകളേറെ, ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

Jaihind Webdesk
Sunday, August 11, 2024

 

ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. പാര്‍ലമെന്‍റ് സമ്മേളനം നേരത്തെ അവസാനിച്ചത് വിവാദം മുന്‍കൂട്ടി കണ്ടെന്നും കോണ്‍ഗ്രസ്. സെബി മേധാവിയും അദാനിയുമായി അവിശുദ്ധ കൂട്ടുകെട്ടെന്നും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് വ്യക്തമാക്കി. അദാനി ഗ്രൂപ്പിന്‍റെ കമ്പനികളില്‍ മാധവിക്കും കുടുംബത്തിനും നിക്ഷേപം. അദാനിക്കെതിരെ വ്യക്തമായ റിപ്പോര്‍ട്ട് നല്‍കിയിട്ടും അന്വേഷണം വൈകിപ്പിക്കാന്‍ കാരണമിതെന്നും ആരോപണം ഉയരുന്നു.

ഹിൻഡൻബർഗ് റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ അദാനിക്കെതിരെയടക്കം ജോയിന്‍റ് പാർലമെന്‍ററി സമിതി (ജെപിസി) അന്വേഷണം എന്ന ആവശ്യം ശക്തമാക്കുകയാണ് കോൺഗ്രസും പ്രതിപക്ഷവും. സെബിയെ അറിയിച്ച സുതാര്യ നിക്ഷേപങ്ങളേ തനിക്കുള്ളൂ എന്നും ഹിൻഡൻബർഗ് വ്യക്തിഹത്യ നടത്തുന്നു എന്ന് പറ‌ഞ്ഞുകൊണ്ട് റിപ്പോർട്ട് തള്ളിക്കളഞ്ഞ് മാധബി ബുച്ചും രംഗത്തെത്തിയിട്ടുണ്ട്. സെബി മേധാവി മാധവി പുരി ബുച്ചിനെതിരെ ഗുരുതര ആരോപണവുമായി അമേരിക്കന്‍ ഷോര്‍ട്ട് സെല്ലര്‍ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. അദാനി ഗ്രൂപ്പിന്‍റെ വിദേശ കടലാസ് കമ്പനികളില്‍ മാധവിക്കും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്നാണ് ഇന്ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഹിന്‍ഡന്‍ബര്‍ഗിന്‍റെ ആരോപണം.

ഇന്ന് രാവിലെയാണ് ഹിന്‍ഡന്‍ബര്‍ഗ് സാമൂഹ്യ മാധ്യമമായ എക്‌സിലൂടെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇത്തവണ ഏത് കമ്പനിയെയാകും ലക്ഷ്യമിടുക എന്ന ആശങ്കയിലായിരുന്ന നിക്ഷേപകരെ ഞെട്ടിച്ചുകൊണ്ട് സെബിയെ പ്രതികൂട്ടിലാക്കിയുള്ള ഈ റിപ്പോര്‍ട്ട്. ഗ്രൂപ്പിനെ വെട്ടിലാക്കിയതിനു പിന്നാലെയാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്‍റെ ഈ ആരോപണം. അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ ഇന്‍സൈഡര്‍ ട്രേഡിംഗും ഓഹരി വിപണിയിലെ മറ്റ് ലംഘനങ്ങളും സംബന്ധിച്ച ആരോപണങ്ങള്‍ പുറത്തുവിട്ട് 18 മാസത്തിന് ശേഷമാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഈ ആരോപണം ഉന്നയിക്കുന്നത്. 2023 ജനുവരിയിലാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനി ഗ്രൂപ്പിനെതിരെ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. കമ്പനിയുടെ ഓഹരി വിലയില്‍ വമ്പന്‍ ഇടിവിന് ഇത് കാരണമായി. എന്നാല്‍ ഈ ആരോപണങ്ങള്‍ അദാനി ഗ്രൂപ്പ് തള്ളിക്കളയുകയായിരുന്നു.

വിദേശത്ത് കടലാസ് കമ്പനികള്‍ തുടങ്ങി അതുവഴി അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരികളില്‍ നിക്ഷേപം നടത്തിയെന്നും അതുവഴി കൃത്രിമമായി ഓഹരി വില ഉയര്‍ത്തുകയും കമ്പനിയുടെ വിപണിമൂല്യം പെരുപ്പിച്ചുകാട്ടിയെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയത്. മൗറീഷ്യസ്, യുഎഇ, കരീബിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഷെല്‍ കമ്പനികള്‍ വഴിയാണ് വിപണിയില്‍ കൃത്രിമം കാണിച്ചതെന്നും ഇതില്‍ വ്യക്തമാക്കിയിരുന്നു. 129 പേജുള്ള റിപ്പോര്‍ട്ട് രണ്ട് വര്‍ഷത്തെ അന്വേഷണത്തിലൂടെ തയാറാക്കിയതാണെന്നും 18 മാസമായിട്ടും ഇതിനെതിരെ സെബി അന്വേഷണത്തിന് മുതിരാത്തത് മാധവി പുരി ബുച്ചിന്‍റെയും ഭര്‍ത്താവിന്‍റെ ഇടപാടുകളുടെ പേരിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് രാവിലെയാണ് ഹിന്‍ഡന്‍ബെര്‍ഗ് സാമൂഹ്യമാധ്യമമായ എക്സിലൂടെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇത്തവണ ഏത് കമ്പനിയെയാകും ലക്ഷ്യമിടുക എന്ന ആശങ്കയിലായിരുന്ന നിക്ഷേപകരെ ഞെട്ടിച്ചുകൊണ്ടാണ് സെബിയെ പ്രതികൂട്ടിലാക്കിയുള്ള ഈ റിപ്പോര്‍ട്ട്.