ഹിമാചല്‍ വിധിയെഴുതി: ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ്, തുടർ ഭരണം ലക്ഷ്യമിട്ട് ബിജെപി; ഡിസംബർ എട്ടിന് ഫലമറിയാം

Jaihind Webdesk
Saturday, November 12, 2022

 

ഷിംല: രാജ്യം മുഴുവൻ ആവേശത്തോടെ ഉറ്റുനോക്കിയ ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായി . രാവിലെ എട്ടിന് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് 5.30ന് അവസാനിച്ചു. 55 ലക്ഷത്തിലേറെ പേര്‍ക്ക് സമ്മതിദാനാവകാശമുള്ള സംസ്ഥാനത്ത് 68 നിയമസഭാ സീറ്റുകളിലേക്കായി 412 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. 66 ശതമാനമാണ് 5 മണി വരെ രേഖപ്പെടുത്തിയ പോളിംഗ്. ഔദ്യോഗികമായി അന്തിമ പോളിംഗ് ശതമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാത്രിയോടെ പ്രഖ്യാപിക്കും. 2017ല്‍ 74.6 ശതമാനമായിരുന്നു പോളിംഗ്.

രാവിലെ 8 മണിക്ക് ആരംഭിച്ച തെരഞ്ഞെടുപ്പിൽ ആദ്യത്തെ ഒരു മണിക്കൂറിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് വെറും 4% പോളിംഗ് മാത്രമായിരുന്നു. എന്നാൽ ഉച്ചയോട് കൂടി വളരെ ആവേശത്തോടെയുള്ള വിധിയെഴുത്തിനായിരുന്നു ഹിമാചൽ പ്രദേശ് സാക്ഷ്യം വഹിച്ചത്. 68 നിയമസഭാ മണ്ഡലങ്ങളിലും കരുത്തരായ സ്ഥാനാർത്ഥികളായിരുന്നു ബിജെപിക്കും കോൺഗ്രസിനുമുണ്ടായിരുന്നത്. തെരഞ്ഞെടുപ്പിന് കരുത്ത് പകർന്ന് ആം ആദ്മി പാർട്ടികൂടി ചേർന്നതോടെ ത്രികോണ മത്സരത്തിനായിരുന്നു സംസ്ഥാനം സാക്ഷിയായത്.

ഹമിർപുർ ജില്ലയിലെ നദൗൻ നിയമസഭാ മണ്ഡലത്തിലെ പഖ്‌റോൾ പോളിംഗ് സ്റ്റേഷനിൽ ഇവിഎം തകരാറിനെ തുടർന്ന് 40 മിനിറ്റിലധികം വോട്ടെടുപ്പ് തടസപ്പെട്ടതൊഴിച്ചാൽ സമാധാനപരമായി തന്നെയാണ് തെരഞ്ഞെടുപ്പ് മുന്നോട്ടുപോയത്.  ഭരണം തിരിച്ചു പിടിക്കുമെന്നും ഭരണകൂട ഭീകരത നിലനിർത്തുന്ന ബിജെപിയെ പരാജയപ്പെടുത്തുമെന്നും കോൺഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാർജുൺ ഖാർഗെ അധികാരമേറ്റ ശേഷമുള്ള ആദ്യ
തെരഞ്ഞെടുപ്പ് ആയതുകൊണ്ട് തന്നെ കോൺഗ്രസിന് വലിയ പ്രതീക്ഷയാണുള്ളത്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനം ഹിമാചൽ പ്രദേശായിരുന്നു. അന്ന് ഭരണം നേടിയതാകട്ടെ കോൺഗ്രസും.  നാല് പതിറ്റാണ്ടോളമായി ഹിമാചലില്‍ തുടര്‍ഭരണമില്ല. ചരിത്രം മാറ്റി കുറിക്കുമെന്ന് ബിജെപിയും ചരിത്രം ആവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസും പറയുന്നു.