ഹിമാചല്‍ പ്രദേശില്‍ വിജയഗാഥ തുടര്‍ന്ന് കോണ്‍ഗ്രസ്; മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം; ബിജെപി ഏഴും സിപിഎമ്മ് ഒന്നും സീറ്റുകളില്‍ ഒതുങ്ങി

Jaihind Webdesk
Thursday, May 4, 2023

ഷിംല: ഹിമാചല്‍ പ്രദേശില്‍ വിജയഗാഥ തുടര്‍ന്ന് കോണ്‍ഗ്രസ്. നിയമസഭ തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തിനു ശേഷമാണ് വീണ്ടുമൊരു തിരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസ് ആഘോഷിക്കുന്നത്. ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് വന്‍വിജയം നേടിയത്.

34 വാര്‍ഡുകളില്‍ 25 ലും കോണ്‍ഗ്രസ് മികച്ച വിജയം നേടിയപ്പോള്‍ വെറും ഒമ്പത് സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്.  സിപിഎം ഒരു സീറ്റില്‍ ഒതുങ്ങുകയും ചെയ്തു. അതേ സമയം തിരഞ്ഞെടുപ്പില്‍ മത്സരിച്ച ആംആദ്മി പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാനായില്ല.

നാലുമാസം മുന്നെ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ മിന്നും വിജയത്തിന്‍റെ ആവര്‍ത്തനമാണ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലും നടന്നത്. ഈ ഭരണ മികവ് മുന്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തിയത്  മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സുഖു തന്നെ കോണ്‍ഗ്രസ് പ്രചരണത്തെ മുന്നില്‍ നിന്ന് നയിച്ചു. ഉപമുഖ്യമന്ത്രിയും മന്ത്രിമാരെല്ലാം തന്നെ പ്രചരണത്തിന് മുന്‍പന്തിയിലുണ്ടായിരുന്നു. എന്നാല്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പ്രചാരണ ആയുധമാക്കിയ ബിജെപിക്ക് ചുവടുകള്‍ പിഴയ്ക്കുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയ് റാം താക്കൂറാണ് ബിജെപി പ്രചരണം നയിച്ചത്.

2017ല്‍ 12 വാര്‍ഡുകള്‍ നേടിയ കോണ്‍ഗ്രസ് വ്യകതമായ ആധിപത്യം നേടിയാണ് ഇക്കുറി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ വിജയം നേടിയിരിക്കുന്നത്.