Hijab Controversy| ഹിജാബ് വിവാദം: സ്‌കൂളിന് തിരിച്ചടി; ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേയില്ല

Jaihind News Bureau
Saturday, October 18, 2025

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ സ്‌കൂള്‍ മാനേജ്മെന്റിന് ഹൈക്കോടതിയില്‍ തിരിച്ചടി. ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ പ്രവേശിപ്പിക്കണമെന്ന ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ (ഡിഡിഇ) ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഡിഡിഇയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സ്‌കൂള്‍ മാനേജ്മെന്റ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി, ഉത്തരവ് സ്റ്റേ ചെയ്യാതെ, വിഷയത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി.

അതേസമയം വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ മാറ്റുമെന്ന നിലപാടിലുറച്ച് പിതാവ്. അടുത്ത പ്രവൃത്തിദിനം സെന്റ് റീത്താസില്‍ നിന്ന് കുട്ടിയുടെ ടി സി വാങ്ങുമെന്ന് പിതാവ് പറഞ്ഞു. ഹിജാബ് ധരിച്ചെത്തിയതോടെ പുറത്തുനിര്‍ത്തിയതും തുടര്‍ന്നുണ്ടായ വിവാദങ്ങളും കുട്ടിക്ക് മാനസിക സംഘര്‍ഷം ഉണ്ടാക്കിയെന്നും തുടര്‍ന്നും ഇതേ സ്‌കൂളില്‍ മകള്‍ പഠിക്കേണ്ടതില്ലെന്നുമാണ് പിതാവ് അറിയിച്ചത്. മകളുടെ കൂടി തീരുമാനപ്രകാരമാണ് സ്‌കൂള്‍ മാറ്റമെന്നും പുതിയ സ്‌കൂളില്‍ പഠനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഡിഡിഇയുടെ നോട്ടീസ് റദ്ദാക്കാനുള്ള സ്‌കൂളിന്റെ ഹരജിയില്‍ വിദ്യാര്‍ത്ഥിനിയുടെ പിതാവ് കക്ഷി ചേരും. ഇതിനായി ചൊവ്വാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.