ശമ്പള വർധനവിന് മന്ത്രി അംഗീകാരം നൽകിയതായി രതീഷിന്‍റെ കത്ത് ; ശുപാർശ ചെയ്തത് ശോഭനാ ജോർജ് ; ജയരാജന്‍റെ വാദം പൊളിയുന്നു

Jaihind News Bureau
Tuesday, October 27, 2020

 

തിരുവനന്തപുരം: ഖാദി ബോർഡ് സെക്രട്ടറി കെ എ രതീഷിന് ഇരട്ടി ശമ്പളം നൽകാൻ ശുപാർശ നൽകിയിട്ടില്ലെന്ന മന്ത്രി ഇ പി ജയരാജന്‍റെ വാദം പൊളിയുന്നു. ശമ്പള വർധനവിന് മന്ത്രി അംഗീകാരം നൽകിയതായുള്ള രതീഷിന്‍റെ കത്ത് പുറത്ത്. രതീഷിന് ശമ്പള വർധനവ് ആവശ്യപ്പെട്ട് ശോഭനാ ജോർജ് നൽകിയ കത്തും പുറത്തുവന്നു.

കെഎ രതീഷിന് ഇരട്ടി ശമ്പളം നൽകിയെന്നത് മാധ്യമ സൃഷ്ടി മാത്രമെന്നായിരുന്നു സര്‍ക്കാരിന്‍റെയും മന്ത്രി ഇ.പി ജയരാജന്‍റെയും വാദം. എന്നാല്‍ ശമ്പള വർധനവിന് മന്ത്രി അംഗീകാരം നൽകിയതായി രതീഷിന്‍റെ കത്ത് പുറത്ത് വന്നതോടെയാണ് മന്ത്രിയുടെ വാദം പൊളിഞ്ഞത്.  80,000 രൂപയായിരുന്നു മുൻ സെക്രട്ടറിയുടെ ശമ്പളം. കെ.എ രതീഷ് ആവശ്യപ്പെട്ടത് 1,70,000 രൂപയും. 90,000 രൂപയുടെ ശമ്പള വർധനവിന് അംഗീകാരം നൽകിയ നടപടിയാണ് വിവാദത്തിലാകുന്നത്. കെ എ രതീഷ് ഉൾപ്പെട്ട കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ സർക്കാർ സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ശമ്പള വർധനവും മറനീക്കി പുറത്ത് വരുന്നത്.

അതിനിടെ കെ.എ രതീഷിന് ശമ്പളം വർധിപ്പിക്കാൻ ഖാദി ബോർഡ് വൈസ് ചെയർപേഴ്സണായ ശോഭന ജോർജും ശുപാർശ നൽകി. ജൂൺ 26ന് വ്യവസായ വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിലാണ് രതീഷിന് ശമ്പളം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇൻകെല്ലിന്‍റെ ഡയറക്ടറായിരിക്കെ മൂന്നര ലക്ഷം രൂപ ശമ്പളം വാങ്ങിയ ആളാണ് രതീഷ് എന്നും അതിനാൽ ഉയർന്ന ശമ്പളത്തിന് അർഹതയുണ്ടെന്നുമാണ് ശോഭന ജോർജ് കത്തിൽ ചൂണ്ടിക്കാട്ടിയത്. കിൻഫ്ര എം.ഡി.യുടെ അതേ ശമ്പളം ഖാദി ബോർഡ് സെക്രട്ടറിക്ക് നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി ഇ.പി. ജയരാജൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശവും നൽകി.

ഇതിന്‍റെ തുടർച്ചയായാണ് രതീഷിന് ശമ്പളം വർധിപ്പിച്ച് ഉത്തരവിറക്കിയത്. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സമയത്താണ് രതീഷിന്‍റെ ശമ്പളം ഇരട്ടിയിലധികമാക്കി ഉത്തരവിറക്കിയതെന്നതും ശ്രദ്ധേയം. കെ എ രതീഷിന്‍റെയും ശോഭനാ ജോർജ്ജിന്‍റെയും  കത്തുകൾ പുറത്തുവരുമ്പോൾ ശമ്പള വർധനവിന് ശുപാർശ നൽകിയിട്ടില്ലെന്ന മന്ത്രി ഇ പി ജയരാജന്‍റെ വാദമാണ് പൊളിയുന്നത്.