ജഡ്ജി അടക്കം 26 പേർ ക്വാറന്‍റൈനിൽ പ്രവേശിച്ചെങ്കിലും ഹൈക്കോടതി അടക്കില്ല

Jaihind News Bureau
Sunday, June 21, 2020

High-Court-10

ജഡ്ജി അടക്കം 26 പേർ ക്വാറന്‍റൈനിൽ പ്രവേശിച്ചെങ്കിലും ഹൈക്കോടതി അടക്കേണ്ടെന്ന് തീരുമാനിച്ചു. നിലവിലെ സാഹചര്യത്തിൽ ഈ മാസം മുപ്പത് വരെ ഹൈക്കോടതി അടക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകർ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു.

ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയും അഡ്വക്കേറ്റ് ജനറലും തമ്മിൽ നടത്തിയ ചർച്ചയിലാണ് കോടതി അടച്ചിടേണ്ട എന്ന കാര്യത്തിൽ തീരുമാനമായത്. അതേസമയം, പരിഗണിക്കുന്ന കേസുകൾ വെട്ടിച്ചുരുക്കാനാണ് ചർച്ചയിൽ ഇപ്പോൾ ധാരണയായിട്ടുള്ളത്.

കളമശേരി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹം ഒരു കേസുമായി ബന്ധപ്പെട്ട് കോടതി സന്ദർശിച്ചു എന്ന വ്യക്തമായതോടെയാണ് ജഡ്ജിയടക്കം ക്വാറന്‍റൈനിൽ പോയത്. സാഹചര്യത്തിൽ ഹൈക്കോടതി അടച്ചിടണമെന്ന ആവശ്യവുമായി അഭിഭാഷക അസോസിയേഷൻ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അഭിഭാഷക അസോസിയേഷൻ ചീഫ് ജസ്റ്റിസിന് കത്ത് നൽകുകയും ചെയ്തിരുന്നു.

എന്നാൽ നിലവിൽ കോടതി അടച്ചിടേണ്ട ആവശ്യമില്ല എന്നാണ് ചർച്ചയിൽ ധാരണയായത്.പോലീസുദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചതിന് പിന്നലെ കോടതിയിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചിരുന്നു.