വനിതാ മതിൽ: വിള്ളൽ തീർത്ത് ഹൈക്കോടതി

Jaihind Webdesk
Thursday, December 20, 2018

Highcourt-Vanitha-Mathil

വനിതാ മതിൽ: വിള്ളൽ തീർത്ത് ഹൈക്കോടതി. മുൻഗണന നൽകേണ്ടത് പ്രളയാനന്തര പുനരുദ്ധാരണത്തിന്. ശബരിമല വിഷയം പരാമർശിക്കാതെ സർക്കാരിന്റെ സത്യവാങ്മൂലം.

സംസ്ഥാനത്ത് പ്രളയാനന്തര പുനരുദ്ധാരണത്തിന് മുൻഗണന നൽകണമെന്നും വനിതാ മതിലിൽ നിന്നും കുട്ടികളെ ഒഴിവാക്കണമെന്നും സസർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. 18 വയസിൽ താഴെയുള്ള കുട്ടികളെ ഒഴിവാക്കാനാണ് കോടതിയുടെ നിർദ്ദേശം. പരിപാടിക്ക് ചെലവായ തുക എത്രയെന്ന് സർക്കാർ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വനിതാ മതിൽ സംബന്ധിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. പ്രളയാനന്തര പുനരുദ്ധാരണത്തിന് വൻ തുക ആവശ്യമായി വരും. അതു കൊണ്ട് തന്നെ അതിനാണ് മുൻഗണന നൽകേണ്ടതെന്നും കോടതി ഓർമ്മിപ്പിച്ചു. വനിത മതിൽ സംഘടിപ്പിക്കുന്നത് സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിനുവേണ്ടിയാണെന്ന് ആരോപിച്ച് കൊണ്ടുള്ള ഏതാനും ഹർജികളിൽ വാദം കേട്ട കോടതി ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ശബരിമല വിഷയത്തെപ്പറ്റി പരാമർശമില്ലെന്നതും ശ്രദ്ധേയമാണ്.

വനിതാ മതിലിൽ ആരെയും നിർബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഹൈക്കോടതിയെ അറിയിച്ചു. ഡിവിഷൻ ബഞ്ചിനു മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇതുസംബന്ധിച്ച വിശദീകരണമുള്ളത്. വനിതാ മതിലിൽ ഏതെങ്കിലും ജീവനക്കാരെ നിർബന്ധിച്ച് പങ്കെടുപ്പിക്കില്ല.പങ്കെടുക്കാത്ത ആളുകൾക്കെതിരേ യാതൊരു തരത്തിലുള്ള ശിക്ഷാ നടപടികളും സ്വീകരിക്കുകയില്ല. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി 50 കോടി രൂപ സർക്കാർ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. വനിതാമതിൽ ഇത്തരത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന പരിപാടിയുടെ ഭാഗമാണ്. സാമ്പത്തിക വർഷം അവസാനിക്കാറായ സാഹചര്യത്തിൽ ഇത്തരം പ്രചാരണങ്ങൾക്കായി നീക്കിവെച്ചിരിക്കുന്ന പണം വിനിയോഗിക്കേണ്ടതുണ്ടെന്നും സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം 50 കോടിയിൽ നിന്നും വനിതാ മതിലിന് വേണ്ടി എത്ര പണം വിനിയോഗിക്കുമെന്നത് സത്യവാങ്മൂലത്തിൽ വ്യക്തമാക്കയിട്ടില്ല.

സ്ത്രീ വിമോചനവും അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരിക എന്നതും എൽ.ഡി.എഫ് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. ലിംഗവിവേചനം അവസാനിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യം പല നയപ്രഖ്യാപന പ്രസംഗങ്ങളിലും സർക്കാർ വ്യക്തമാക്കിയതാണ്. ഐ.എഫ്.എഫ്.കെയും സംസ്ഥാന യുവജനോത്സവവും കേരളോത്സവും കൊച്ചി ബിനാലെയും പോലൊന്നാണ് വനിതാമതിലെന്നും സർക്കാർ വ്യക്തമാക്കുന്നു. ലിംഗവിവേചനം അവസാനിപ്പിക്കാൻ സർക്കാർ നേരിട്ട് നടത്തുന്ന പരിപാടിയായി മാത്രം ഇതിനെ കണ്ടാൽ മതിയെന്നും സർക്കാർ ജീവനക്കാരുടെ പങ്കാളിത്തം അഭ്യർഥിക്കുക മാത്രമാണ് സർക്കാർ ചെയ്തിട്ടുള്ളതെന്നും ഒരിക്കലും അവരെ നിർബന്ധിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസ് ക്രിസ്മസ് അവധിക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.