സംസ്ഥാനം ഇനിയും പൊള്ളും; വരുംദിവസങ്ങളിൽ ചൂട് ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ചൂട് ഇനിയും കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉഷ്ണതരംഗ സാധ്യതയില്ല. എന്നാൽ നാളെയും മറ്റന്നാളും വിവിധ ജില്ലകളിൽ രണ്ടുമുതൽ മൂന്നുഡിഗ്രി വരെ ചൂട് വർധിക്കുമെന്ന് അറിയിപ്പുണ്ട്.

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ താപനില ശരാശരിയിൽനിന്ന് മൂന്നുമുതൽ നാലുഡിഗ്രി വരെയും തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ രണ്ടുമുതൽ മൂന്നുഡിഗ്രി വരെയും വർധിക്കുമെന്നാണ് അറിയുന്നത്. ചൂട് ശരാശരിയിൽനിന്ന് ഉയർന്ന നിലയിൽത്തന്നെ തുടരാനാണ് സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അധികൃതരും അറിയിച്ചു.

37 ഡിഗ്രിയോളം സംസ്ഥാനത്ത് ശരാശരി താപനില രേഖപ്പെടുത്തി കഴിഞ്ഞു. 38 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ പാലക്കാട്ടാണ് ഉയർന്ന താപനില.

സംസ്ഥാനത്തെ ചില ജില്ലകളിൽ വരും ദിവസങ്ങളിൽ ചൂട് ശരാശരിയിലും നാല് ഡിഗ്രിവരെ കൂടാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഉഷ്ണതരംഗമുണ്ടാകാനുള്ള സാധ്യത പ്രവചിച്ചിട്ടില്ല.

മാർച്ചിലെ ശരാശരിയിൽനിന്ന് ഇപ്പോൾ പൊതുവേ രണ്ട് ഡിഗ്രിവരെ ചൂട് കൂടുതലാണ്. ശരാശരിച്ചൂട് ഓരോ പ്രദേശത്തും വ്യത്യസ്തമാണ്. ഉഷ്ണതരംഗം പ്രഖ്യാപിക്കുന്നതിന് മാനദണ്ഡമുണ്ട്. സമതലപ്രദേശത്ത് രണ്ടുദിവസം തുടർച്ചയായി 40 ഡിഗ്രി ചൂടുണ്ടാകണം. തീരപ്രദേശത്ത് 37 ഡിഗ്രിയും മലയോരത്ത് 30 ഡിഗ്രിയുമാണ് മാനദണ്ഡം. ചൂടുകൂടുന്ന സ്ഥലങ്ങളിൽ ശരാശരിയിൽനിന്നുള്ള വ്യതിയാനം 4.5 ഡിഗ്രിമുതൽ 6.4 വരെയായിരിക്കണം. കേരളത്തിൽ ഈവർഷം ഇങ്ങനെയൊരു അവസ്ഥ ആദ്യമാണെന്നും അറിയുന്നു.

Comments (0)
Add Comment