പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറില്‍ മാറ്റം. പുതിയ കലണ്ടര്‍ അനുസരിച്ച് അരമണിക്കൂര്‍ പ്രവൃത്തി സമയം കൂടും. രാവിലെയും വൈകിട്ടുമായി 15 മിനിറ്റ് വീതമാണ് കൂട്ടിയത്. ഇതോടെ പ്രവൃത്തി സമയം രാവിലെ 9.45 മുതല്‍ വൈകുന്നേരം 4.15 വരെയാകും.
ഹൈസ്‌കൂളില്‍ 205 പ്രവൃത്തി ദിനങ്ങളാണ് പുതിയ അധ്യയന വര്‍ഷത്തില്‍ ഉണ്ടാകുക. തുടര്‍ച്ചയായി ആറ് പ്രവൃത്തി ദിനങ്ങള്‍ വരാത്ത തരത്തില്‍ 7 ശനിയാഴ്ചകളില്‍ കൂടി ക്ലാസുണ്ടാകും. യുപി ക്ലാസുകളില്‍ തുടര്‍ച്ചയായി 6 പ്രവൃത്തി ദിനം വരാത്ത വിധം 2 ശനിയാഴ്ച കൂടി ഉള്‍പ്പെടുത്തി 200 പ്രവൃത്തി ദിനമാക്കി മാറ്റി. എല്‍പി ക്ലാസുകളില്‍ പൊതുഅവധികളും ശനിയാഴ്ചകളും ഒഴികെയുള്ള 198 പ്രവൃത്തി ദിനമാണുള്ളത്.
അതേസമയം അരമണിക്കൂര്‍ അധിക ക്ലാസ് വെള്ളിയാഴ്ച ഉണ്ടാവില്ല. ഹൈക്കോടതിയുടെ അന്ത്യശാസനയ്ക്ക് പിന്നാലെയാണ് സര്‍ക്കാര്‍ പുതിയ അധ്യയനവര്‍ഷത്തെ കലണ്ടര്‍ തീരുമാനിച്ചിരിക്കുന്നത്. മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണനിലവാര വര്‍ധന മേല്‍നോട്ട സമിതിയുടെ (ക്യുഐപി) യോഗത്തിലാണ് തീരുമാനം.