സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവയ്ക്കില്ല : വിദ്യാഭ്യാസ വകുപ്പ്

Jaihind Webdesk
Thursday, April 15, 2021

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ കർശന നിയന്ത്രണങ്ങളോടെ നടപ്പിലാക്കാന്‍ തീരുമാനം. കൊവിഡ് കണക്കിലെടുത്ത് സിബിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചെങ്കിലും സംസ്ഥാനത്തെ പരീക്ഷകള്‍ നീട്ടിവയ്ക്കണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിലപാട്. 8 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ പരീക്ഷക്കെത്തുന്ന വിദ്യാര്‍ഥികളുടെയും ഡ്യൂട്ടിയുള്ള അധ്യാപകരുടെയും ആരോഗ്യ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയരുന്നുണ്ട്.

സ്കൂളുകളിലെ ആരോഗ്യസുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. രോഗവ്യാപനം ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനും അണുനശീകരണം ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ എല്ലാ സ്കൂളുകളിലും നിര്‍ബന്ധമാക്കാനുമാണ് തീരുമാനം. തെരഞ്ഞെടുപ്പ് മുന്‍നിറുത്തിയാണ് മാര്‍ച്ച് മാസത്തിലെ പരീക്ഷാ കലണ്ടര്‍  മാറ്റിയത്.

ഏപ്രിലിലേക്ക് പരീക്ഷ മാറ്റിയതിനെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ എതിര്‍ത്തിരുന്നു. ഭരണപക്ഷ അധ്യാപക സംഘടനകളുടെ രാഷ്ട്രീയ താല്‍പര്യം മാത്രം കണക്കിലെടുത്ത് പരീക്ഷ നീട്ടിവച്ചതെന്ന ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ വേണ്ടെന്നു വച്ചതും പന്ത്രണ്ടാം ക്ലാസ് പരീക്ഷ നീട്ടിവച്ചതും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനുമേൽ കടുത്ത സമ്മര്‍ദം ഉണ്ടാക്കിയിട്ടുണ്ട്.