തൃശ്ശൂർ: 126 കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസിൽ തൃശൂർ ആസ്ഥാനമായുള്ള ഹൈ റിച്ച് ഷോപ്പി കമ്പനി ഡയറക്ടർ കോലാട്ട് പ്രതാപൻ അറസ്റ്റില്‍. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ സ്ഥാപനമാണ് ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ്. ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രതാപനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റു വാർത്ത അതീവ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. സംസ്ഥാന ജി.എസ്.ടി. പിടികൂടുന്ന ഏറ്റവും വലിയ നികുതിവെട്ടിപ്പാണിത്.
ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് ഏകദേശം 730 കോടിയുടെ ടേൺ ഓവർ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഈ സ്ഥാപനവും അനുബന്ധസ്ഥാപനങ്ങളും ഒ.ടി.ടി. പ്ലാറ്റ്ഫോം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. മൾട്ടിലെവൽ മാർക്കറ്റിങ് രീതിയിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഇതിനെ മറയ്ക്കാൻ ഡിജിറ്റൽ സ്‌പേസ്-ഉത്പന്ന വിൽപ്പനകൾ നടത്തിയിരുന്നു. ഇതിലെ ഉത്പന്നവിൽപ്പനകൾക്ക് ജി.എസ്.ടി. അടച്ചില്ലെന്നതാണ് കുറ്റം. ഒരാൾ രണ്ടോ മൂന്നോ പേരെ ഇതിലേക്ക് ചേർക്കുമ്പോൾ ആദ്യത്തെ ആൾക്ക് പണം തിരിച്ചുകിട്ടുന്ന മണിചെയിന്‍ രീതിയിലായിരുന്നു വെട്ടിപ്പ്. നിലവിൽ ഉത്പന്നവിൽപ്പനയ്ക്ക് ജി.എസ്.ടി. അടച്ചില്ലെന്ന കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്. മൾട്ടിലെവൽ മാർക്കറ്റിങ് പോലുള്ളവ തെളിഞ്ഞാൽ മറ്റു കേസുകൾ വരാനും സാധ്യതയുണ്ട്. സംസ്ഥാന ജി.എസ്.ടി.യുടെ കാസർകോട് ഇന്‍റലിജൻസ് വിഭാഗമാണ് ഇയാളെ പിടികൂടിയത്. സ്ഥാപനത്തിന്‍റെ ഓൺലൈൻ പരസ്യങ്ങളിൽ സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ പരിശോധനയാണ് വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്. തട്ടിപ്പ് കണ്ടെത്തിയെങ്കിലും അക്കൗണ്ടുകൾ മരവിപ്പിക്കാത്തതിനാൽ രണ്ടുകോടി രൂപ തിരിച്ചടയ്ക്കാൻ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. കേസ് ഒതുക്കി തീർക്കാനിയിരുന്നു ശ്രമം. സംഭവത്തില്‍ ചില പാർട്ടിക്കാരും അറസ്റ്റ് വിവരം പുറത്തു വരാതിരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ആക്ഷേപമുണ്ട്.
അധികൃതർ സംഭവം പുറത്തറിയിക്കാത്തതിനാൽ ഇപ്പോഴും ഈ അക്കൗണ്ടുകളിലേക്ക് പണം വന്നുകൊണ്ടിരിക്കുന്നുണ്ട്. ജി.എസ്.ടി. നോട്ടിഫിക്കേഷൻ വന്നതിന്‍റെ അടുത്തദിവസം തന്നെ 51.5 കോടി രൂപ കമ്പനി അടച്ചിരുന്നു. പിഴ അടയ്ക്കാൻ സമയം ആവശ്യപ്പെട്ട് ജി.എസ്.ടി.ക്ക് കത്തും നൽകി. ഡിസംബർ 15 വരെയാണിതെന്നും അധികൃതർ അറിയിച്ചു. എംഎൽഎം രീതിയിൽ പ്രവർത്തിക്കുന്ന ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് ഹൈറിച്ച് ഷോപ്പി. കഴിഞ്ഞ മാസം ജിഎസ്ടി ഇന്‍റലിജൻസ് വിഭാഗം നെരുവിശേരി ആറാട്ടുപുഴയിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പി ഓഫിസിൽ നടത്തിയ പരിശോധനയിലാണ് 126 കോടി രൂപയുടെ ജി എസ് ടി നികുതി ബാധ്യത കമ്പനിക്കുണ്ടെന്ന് കണ്ടെത്തിയത്. 703 കോടി രൂപയുടെ വിറ്റുവരവ് കമ്പനി കുറച്ചുകാണിച്ചുവെന്നും വ്യക്തമായി. ഇതേ തുടർന്നാണ് നടപടികളിലേക്ക് കടന്നത്. നോട്ടീസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടർന്ന് കമ്പനി ഡയറക്ടർമാരായ പ്രതാപനെയും ശ്രീന കെ എസിനെയും തൃശൂരിലെ ഇന്‍റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫിസിൽ ചോദ്യം ചെയ്തു. ഇതിന് പിന്നാലെ രണ്ട് തവണകളിലായി 51.5 കോടി രൂപ അടച്ചുവെങ്കിലും 75 കോടിയിലധികം രൂപ ബാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രതാപനെ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന് 15 ശതമാനം പിഴയും ചുമത്തിയിട്ടുണ്ട്. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതാപനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.