കേരള സര്‍വ്വകലാശാലയില്‍ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടതില്‍ ഉന്നതതല യോഗം ഇന്ന്

Jaihind News Bureau
Tuesday, April 1, 2025

എം ബി എ ഉത്തര കടലാസുകള്‍ നഷ്ടപ്പെട്ട് പരീക്ഷാ നടത്തിപ്പില്‍ കേരള സര്‍വ്വകലാശാലയ്ക്ക് ഗുരുതര വീഴ്ച ഉണ്ടായ സംഭവത്തില്‍ വൈസ് ചാന്‍സിലര്‍ വിളിച്ചു ചേര്‍ക്കുന്ന ഉന്നതതല യോഗം ഇന്ന് നടക്കും. പരീക്ഷാ വിഭാഗത്തിലേ ഉദ്യോഗസ്ഥരുടെയും സിന്‍ഡിക്കേറ്റ് പരീക്ഷ സ്ഥിരം സമിതിയുടെയും ഉള്‍പ്പെടെ യോഗമാണ് വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍ വിളിച്ചിരിക്കുന്നത്.പുനഃപരീക്ഷ വേണമോ മറ്റ് സെമസ്റ്ററുകളുടെ പരീക്ഷാഫലത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്ക് നല്‍കണമോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ന് പരിശോധിക്കും.

എംബി എ ഉത്തര കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനും പരീക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കും എതിരെ നടപടി ഉണ്ടായേക്കും. 65 റെഗുലര്‍ വിദ്യാര്‍ത്ഥികളുടെയും 6 സപ്ലിമെന്ററി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെയും മൂന്നാം സെമസ്റ്റര്‍ പ്രോജക്ട് ഫിനാന്‍സ് വിഷയത്തിലെ ഉത്തര കടലാസ്സുകളാണ് നഷ്ടപ്പെട്ടത്. 71 ഉത്തരകടലാസ്സുകള്‍ നഷ്ടപ്പെട്ടിട്ടും അത് കണ്ടെത്തുവാന്‍ കഴിയാതിരുന്നതും ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയത്തിന് നല്‍കിയതില്‍ കാലതാമസമുണ്ടായതും ഉള്‍പ്പെടെ വലിയ വീഴ്ചകളാണ് സംഭവിച്ചിട്ടുള്ളത്. ഉത്തരക്കടലാസ് നഷ്ടമായെന്ന് അറിഞ്ഞിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാതെ അദ്ധ്യാപകനെ രക്ഷിക്കാനുള്ള നടപടികളാണ് സര്‍വ്വകലാശാല നടത്തിയതെന്നാണ് ആരോപണം.