അടൂർ കോളേജ് പ്രിൻസിപ്പൽ നിയമനം പുനഃപരിശോധിക്കാൻ ഉന്നതതല യോഗം ; ചട്ടവിരുദ്ധ നിയമനം അംഗീകരിക്കരുതെന്ന് ആവശ്യം

Jaihind Webdesk
Wednesday, July 7, 2021

തിരുവനന്തപുരം : അടൂർ സെന്‍റ്  സിറിൽ കോളേജിൽ മുൻ മന്ത്രി കെ.ടി ജലീൽ റദ്ദാക്കാൻ ഉത്തരവിട്ട നിയമനം പുനഃപരിശോധിക്കാൻ മന്ത്രി ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. ഇടത് അധ്യാപക സംഘടനാ നേതാവിന്‍റെ ഭാര്യയുടെ ചട്ടവിരുദ്ധ നിയമനം അംഗീകരിക്കരുതെന്ന ആവശ്യവും ഇതിനോടകം ഉയർന്നു കഴിഞ്ഞു.

അടൂർ സെന്‍റ്  സിറിൽ കോളേജിൽ ഇടത് അധ്യാപക സംഘടന നേതാവിന്‍റെ ഭാര്യയ്ക്ക് ചട്ടവിരുദ്ധമായി നൽകിയ പ്രിൻസിപ്പൽ നിയമനത്തിന് അംഗീകാരം നൽകുന്നതിനായി ഉന്നത വിദ്യാഭ്യാസ മന്ത്രി ജൂലൈ എട്ടിന് ഉന്നതതലയോഗം ചേരും. മുൻ മന്ത്രി കെ.ടി. ജലീൽ തള്ളിക്കളഞ്ഞ നിയമന അംഗീകാരം ഇടത് അധ്യാപക സംഘടനയുടെ സമ്മർദങ്ങൾക്ക് വഴങ്ങി പുനഃപരിശോധിക്കാൻ മന്ത്രിതലത്തിൽ നീക്കങ്ങൾ നടക്കുന്നതായാണ് ആക്ഷേപം. എട്ടാം തീയതി ചേരുന്ന യോഗത്തിൽ  കോളേജിന്‍റെ അംഗീകൃത മാനേജരെ ഒഴിവാക്കിയെന്നും പരാതിയുണ്ട്.

നേരിട്ട് ശമ്പളം നൽകുന്നതിന് സർക്കാരുമായുള്ള കരാറിൽ, അടൂർ സെന്‍റ്  സിറിൽ കോളേജിൽ കോളേജ് ഒരു യൂണിറ്ററി മാനേജ്മെന്റ് എന്ന നിലയിലാണ് ഒപ്പുവച്ചിട്ടുള്ളത്. യൂണിറ്ററി പ്രകാരമാണ് കോളേജിൽ അധ്യാപക അനധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നതിന് സർക്കാരും യൂണിവേഴ്സിറ്റിയും നാളിതുവരെ അനുമതി നൽകിയിട്ടുള്ളത്.

എന്നാൽ കോർപ്പറേറ്റ് മാനേജ്മെന്‍റ് എന്ന നിലയിൽ മാനേജ്മെന്റിന് കീഴിലുള്ള പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജിലെ അധ്യാപികയെ അടൂർ കോളേജിൽ പ്രിൻസിപ്പലായി നിയമിച്ച നടപടി ചട്ട വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമനം മുൻ സർക്കാർ തള്ളിയത്.നാല് വർഷം മുമ്പ് മറ്റൊരു അധ്യാപകനെയും ഇതേ രീതിയിൽ നിയമിച്ച നടപടി സർക്കാർ റദ്ദാക്കിയിരുന്നു.

പ്രിൻസിപ്പൽ നിയമനം അംഗീകരിക്കുന്നതിന് അടൂർ കോളേജ് കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലാണെന്ന രേഖ തയ്യാറാക്കി കേരള സർവ്വകലാശാല ഇപ്പോൾ സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്.എന്നാൽ സർക്കാരോ യൂണിവേഴ്സിറ്റിയോ ഈ കോളേജിനെ കോർപറേറ്റ് മാനേജ്മെന്റിനുകീഴിലുള്ള കോളേജായി അംഗീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങി ചട്ടവിരുദ്ധ നടപടികൾക്ക് സർക്കാർ ഒത്താശ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്