മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തിലെ ഗണഗീതാലാപനത്തില്‍ ഹൈക്കോടതിയുടെ നടപടി

Jaihind News Bureau
Wednesday, April 16, 2025

കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തിലെ ഗണഗീതാലാപനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നടപടി. ക്ഷേത്ര പരിസരത്ത് കായിക – ആയുധ പരിശീലനം നടത്തിയവരെ കക്ഷിചേര്‍ക്കുമെന്നും ക്ഷേത്ര പരിസരത്തുനിന്ന് കൊടിതോരണങ്ങളും ബോര്‍ഡുകളും നീക്കം ചെയ്യാനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടപടി വേണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖില്‍ ശശി കടയ്ക്കല്‍ പൊലീസിലും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി എടുത്തത്‌.

കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്ര ഉത്സവ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയതായിട്ടാണ് പരാതി ഉയര്‍ന്നത്. ക്ഷേത്രവും പരിസരവും ആര്‍എസ്എസ് ബജ്രംഗ്ദള്‍ കൊടി തോരണങ്ങള്‍ കെട്ടിയതായും ഇവ നീക്കം ചെയ്യണമെന്നും പരാതിയില്‍ പറയുന്നു. നമസ്‌കരിപ്പൂ ഭാരതമങ്ങേ സ്മരണയെ’ എന്ന് തുടങ്ങുന്ന ഗണഗീതമാണ് നാഗര്‍കോവില്‍ നൈറ്റ് ബേര്‍ഡ്‌സ് സംഘം ഗാനമേളയില്‍ അവതരിപ്പിച്ചത്. കോട്ടുക്കല്‍ ടീം ഛത്രപതിയായിരുന്നു പരിപാടി സ്‌പോണ്‍സര്‍ ചെയ്തത്.

ഗണഗീതം പാടിയത് ബോധപൂര്‍വമായ ശ്രമമാണെന്നും അതിനാല്‍ ക്ഷേത്ര ഉപദേശക സമിതി പിരിച്ചു വിടുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചിരുന്നു. ക്ഷേത്രോപദേശക സമിതികള്‍ ക്ഷേത്ര ഭരണക്കാരായി മാറുന്നുവെന്നും പ്രശാന്ത് കുറ്റപ്പെടുത്തിയിരുന്നു.