‘നിയമസഭാ കയ്യാങ്കളിയിലെ ഹൈക്കോടതി വിധി ഇടതുമുന്നണിയുടെ നെറികെട്ട രാഷ്ട്രീയത്തിനേറ്റ പ്രഹരം ; ജോസ് കെ മാണിക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളത്?’ : രമേശ് ചെന്നിത്തല

 

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടി ഇടതു മുന്നണിയുടെ നെറികെട്ട രാഷ്ട്രീയ പ്രവര്‍ത്തന ശൈലിക്കെതിരായ പ്രഹരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് കെ മാണിക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.

കെ.എം മാണിയെ അഴിമതിക്കാരനെന്ന് മുദ്രകുത്തി ബജറ്റവതരണം മുടക്കുന്നതിനാണ് ഇടതു മുന്നണി നിയമസഭ അടിച്ചു പൊളിക്കുക എന്ന ഹീനകൃത്യത്തിന് മുതിര്‍ന്നത്. പിന്നീട് അതേ കെ.എം മാണിയുടെ പാര്‍ട്ടിയെ തന്നെ അവര്‍ മുന്നണിയില്‍ സ്വീകരിക്കുകയും ചെയ്തു. രാഷ്ട്രീയ സദാചാരത്തിന് ചേരുന്ന നടപടി ആയിരുന്നില്ല ഇത്. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാറിന്‍റെ ഹർജി തള്ളിയ ഹൈക്കോടതി വിധി ഇടതു മുന്നണിക്ക് കനത്ത പ്രഹരമാണ് ഏല്‍പിച്ചിരിക്കുന്നത്. അവസരവാദ രാഷ്ട്രീയ ശൈലിക്കെതിരായ പ്രഹരം കൂടിയാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേസ് പിന്‍വലിക്കുന്നതിനെക്കുറിച്ച് ജോസ് കെ മാണിക്ക് എന്താണ് ഇപ്പോള്‍ പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

Comments (0)
Add Comment