‘കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സ്വാഗതാർഹം; വ്യക്തമായത് സിപിഎം ഗൂഢാലോചന’; വി.ഡി. സതീശന്‍

 

മലപ്പുറം: കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെ കുറ്റവിമുക്തനാക്കിയുള്ള ഹൈക്കോടതി വിധിയിലൂടെ വ്യക്തമായത് സിപിഎം ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ് 29 വര്‍ഷം മുമ്പ് നടന്ന സംഭവത്തിലെ ഗൂഢാലോചനയില്‍ കെ. സുധാകരന്‍ പങ്കാളിയാണെന്ന് പറഞ്ഞ് സിപിഎം പ്രതിയാക്കിയത്. കെ. സുധാകരന്‍ 2016-ല്‍ കൊടുത്ത ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഗൂഢാലോചനയില്‍ പങ്കില്ലെന്ന് കണ്ടത്തി ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിന് അടിവരയിടുന്നതാണ് ഹൈക്കോടതി വിധിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മനഃപൂര്‍വമായാണ് കെ. സുധാകരനെയും എം.വി രാഘവനെയും കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചത്. രാഷ്ട്രീയ ഉദ്ദേശ്യത്തോടെ രാഷ്ട്രീയ നേതാക്കളെ ക്രിമിനല്‍ കേസില്‍ പ്രതിയാക്കാന്‍ സിപിഎം നടത്തിയ ഗൂഢാലോചനയായിരുന്നു ഇതെന്ന് വ്യക്തമായിരിക്കുകയാണ്.

വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള ജയരാജന്‍ അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. പക്ഷെ വളരെ വ്യക്തമായ വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നതെന്നും അത് നിലനില്‍ക്കുമെന്നു തന്നെയാണ് കരുതുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ജയരാജന്‍ പറഞ്ഞതിലൂടെ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെയാണ് കുറ്റപ്പെടുത്തിയിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Comments (0)
Add Comment