സാക്ഷരത മിഷനിലെ അനധികൃത നിയമനം തടഞ്ഞ് ഹൈക്കോടതി ; സർക്കാർ നീക്കത്തിന് തിരിച്ചടി

Jaihind Webdesk
Tuesday, April 27, 2021

 

തിരുവനന്തപുരം : സാക്ഷരത മിഷനില്‍ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. അനധികൃത നിയമനം ഹൈക്കോടതി തടഞ്ഞു. സ്ഥിരനിയമനം നടത്തിയ 74 താല്‍ക്കാലികക്കാരെ കേസിൽ കക്ഷി ചേർക്കാനും കോടതി ആവശ്യപ്പെട്ടു.

സാക്ഷരതാ മിഷനിൽ താല്‍കാലികക്കാരെ അനധികൃതമായി സ്ഥിരപ്പെടുത്തി പത്ത് കോടിയുടെ ശമ്പള സ്കെയിൽ അനുവദിച്ചത് വിവാദമായിരുന്നു. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയെ മറികടന്നായിരുന്നു നീക്കം. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്ഥാപനത്തിലെ തന്നെ മറ്റ് ജീവനക്കാർ ഗവർണർക്ക് അടക്കം പരാതി നൽകി. 10 വർഷം പൂർത്തിയാക്കിയ 74 പേരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചതിൽ 23 പേർ 10 വർഷം പൂർത്തിയാക്കാത്തവരാണ്.

അതേസമയം ഹൈക്കോടതി ഉത്തരവ് മറികടന്ന് സത്യവാങ്മൂലം എഴുതി നൽകി താല്‍ക്കാലിക ജീവനക്കാർക്ക് ശമ്പള സ്കെയിലും അനുവദിച്ചിരുന്നു. മിഷൻ ഡയറക്ടർ ഉൾപ്പെടെയുള്ളവർ ഈ നിയമന തട്ടിപ്പിന് കൂട്ടുനിന്നു എന്നും ആക്ഷേപമുണ്ട്.

മൂന്ന് ജില്ലാ പ്രൊജക്റ്റ്‌ കോർഡിനേറ്റർ, ഏഴ് ജില്ലാ പ്രൊജക്റ്റ്‌ അസിസ്റ്റന്റ് കോർഡിനേറ്റർ , നാല് ഓഫീസ് അസിസ്റ്റന്റ്, എട്ട് സ്വീപ്പർ കം പ്യൂൺ, ഒരു ഡ്രൈവർ എന്നിവരെയാണ് അനധികൃതമായി ക്രമക്കേട് നടത്തി സ്ഥിരപ്പെടുത്തിയത്. ഇവർ 23 പേരും ഇടതുപക്ഷ സർക്കാരിൻ്റെ കാലത്ത് 2006ൽ ജോലിയിൽ പ്രവേശിച്ചവരാണ്. ഈ നിയമനം തടഞ്ഞാണ് ഹൈക്കോടതി രംഗത്തെത്തിയിരിക്കുന്നത്.