ക്വാറികളുടെ ദൂരപരിധി ഉയർത്തിയ ഗ്രീന്‍ ട്രിബ്യൂണല്‍ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ

Jaihind News Bureau
Wednesday, August 12, 2020

Kerala-High-Court

ജനവാസ കേന്ദ്രങ്ങളിൽ നിന്നുള്ള ക്വാറികളുടെ ദൂരപരിധി ഉയർത്തിയുള്ള ഗ്രീൻ ട്രിബ്യൂണൽ ഉത്തരവിന് ഹൈക്കോടതി സ്റ്റേ. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 50 മീറ്റര്‍ അകലത്തിൽ ക്വാറികൾ അനുവദിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ദേശീയ ഗ്രീന്‍ ട്രിബ്യൂണൽ റദ്ദാക്കിയിരുന്നു. 100 മുതൽ 200 മീറ്റര്‍ അകലെ മാത്രമേ ക്വാറികൾക്ക് പ്രവര്‍ത്തിപ്പിക്കാവൂ എന്നായിരുന്നു  ട്രൈബ്യൂണൽ ഉത്തരവ്. ദൂരപരിധി 50 മീറ്റർ തന്നെ മതിയെന്നായിരുന്നു സർക്കാർ നിലപാട്. ഇതാണ് ക്വാറി ഉടമകൾക്ക് തുണയായത്.

പാലക്കാട് ജില്ലയിലെ ഒരു പരാതി പരിഗണിച്ചുകൊണ്ടായിരുന്നു സംസ്ഥാനത്തെ ക്വാറികള്‍ക്ക് 200 മീറ്റര്‍ ദൂരപരിധി നിശ്ചയിച്ചുകൊണ്ട് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. എല്ലാ കക്ഷികളേയും കേള്‍ക്കാതെയാണ് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിലേക്ക് പോയതെന്നാണ് പ്രഥമദൃഷ്ട്യാ ബോധപ്പെട്ടതിനെ തുടര്‍ന്നാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് സ്റ്റേ അനുവദിച്ചിരിക്കുന്നത്. 50 മീറ്ററാണ് സംസ്ഥാനത്തെ പാറമടകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന ദൂരപരിധി. ഗ്രീൻ ട്രിബ്യൂണലിന്‍റെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു.

ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവ് പ്രകാരം  ദൂരപരിധി പാലിക്കാത്ത എല്ലാ ക്വാറികളും അടച്ചുപൂട്ടേണ്ടിവരുമായിരുന്നു. സ്ഫോടനം നടത്തിയുള്ള ക്വാറികൾക്ക് 200 മീറ്ററും സ്ഫോടന മില്ലാതെയുള്ള ഖനനത്തിന് 100 മീറ്റര്‍ അകലവും ജനവാസ മേഖലയിൽ ഉറപ്പാക്കണമെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ജനവാസ കേന്ദ്രങ്ങൾക്ക് 50 മീറ്റര്‍ അകലെ ക്വാറികൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇത്തരത്തില് നിരവധി ക്വാറികള്‍ക്കാണ് ഇതിനോടകം സർക്കാർ ലൈസന്‍സ് നല്‍കിയത്.