സാമ്പത്തിക ലാഭത്തിനു വേണ്ടി അശ്ലീല രംഗങ്ങളില്‍ അഭിനയിച്ചെന്ന പേരില്‍ നടി ശ്വേത മേനോനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. എറണാകുളം സിജെഎം കോടതിയുടെ നടപടിയെ വിമര്‍ശിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയിരിക്കിയത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നിര്‍ദേശം നല്‍കുന്നതിന് മുമ്പ് എടുക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കുന്നത്.
കേസില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഇപ്പോള്‍ നടത്താനില്ലെന്നാണ് കോടതി വ്യക്തമാക്കുന്നത്. തനിക്കെതിരായ നടപടി വസ്തുതകള്‍ പരിശോധിക്കാതെയാണെന്നാണ് ശ്വേത സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞത്. രാജ്യത്ത് സെന്‍സര്‍ ചെയ്ത ചിത്രങ്ങളിലാണ് അഭിനയിച്ചത്. അതിന് പുരസ്‌കാരങ്ങളടക്കം ലഭിച്ചിരുന്നു. നിയമവിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.താരസംഘടനായായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനാല്‍ ഇന്ന് തന്നെ ഇതിലൊരു തീരുമാനം വേണമെന്ന് ശ്വേത മേനോന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കേസിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ശ്വേത മേനോനും സിനിമ പ്രവര്‍ത്തകരും ആരോപിച്ചിരുന്ന സാഹചര്യത്തിലാണ് ഈ ഇടക്കാല ഉത്തരവ്. സാമ്പത്തികലാഭത്തിനുവേണ്ടി സിനിമയില്‍ അശ്ലീലരംഗങ്ങളില്‍ അഭിനയിച്ചെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നുമുള്ള പരാതിയിലാണ് നടി ശ്വേതാ മേനോന്റെപേരില്‍ ഐടി ആക്ട് 67(a) പ്രകാരം പോലീസ് കേസെടുത്തത്. തോപ്പുംപടി സ്വദേശി മാര്‍ട്ടിന്‍ മേനാച്ചേരിയുടെ പരാതിയില്‍ എറണാകുളം സിജെഎം കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്.