മാസപ്പടിയിലെ അന്വേഷണത്തിനെതിരായ ഹർജി തള്ളി; ഒളിക്കാനില്ലെങ്കില്‍ ഭയക്കുന്നതെന്തിനെന്ന് ഹൈക്കോടതി

Jaihind Webdesk
Wednesday, February 7, 2024

 

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ ടി. വീണക്കെതിരായ മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച കെഎസ്ഐഡിസിക്ക് തിരിച്ചടി. കെഎസ്ഐഡിസിയിലെ എസ്എഫ്ഐഒ അന്വേഷണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. കേസ് 12ന് വീണ്ടും പരിഗണിക്കും. അന്വേഷണത്തെ ഭയക്കുന്നത് എന്തിനെന്നും കോടതി ചോദിച്ചു.

ഓർഡർ ഒന്നും തരാതെയാണ് പരിശോധന നടത്തുന്നതെന്നായിരുന്നു കെഎസ്ഐഡിസി ഹർജിയിൽ ഉന്നയിച്ചിരുന്നത്. കെഎസ്ഐഡിസി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്ന് കോടതി ചോദിച്ചു. രേഖകൾ കൊടുക്കാനും കൊടുക്കാതിരിക്കാനും സ്വാതന്ത്ര്യമില്ലേ എന്ന് ചോദിച്ച കോടതി എന്താണ് ഒളിച്ചു വെക്കാനുള്ളതെന്നും കെഎസ്ഐഡിസിയോട് ചോദിച്ചു. എന്തിനാണ് ഒരുപാട് ആശങ്കപ്പെടുന്നതെന്നും ഒന്നും ഒളിക്കാനില്ലെങ്കിൽ പിന്നെന്തിന് ഭയക്കണമെന്നും കെഎസ്ഐഡിസിയോട് കോടതി ചോദിച്ചു. ഹർജി തള്ളിയ കോടതി 12 ന് വീണ്ടും പരിഗണിക്കും.

കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ കെഎസ്ഐഡിസിക്ക് ഓഹരി പങ്കാളിത്തമുണ്ട്. 13.4% ഓഹരികളാണ് കെഎസ്ഐഡിസിക്കുള്ളത്. വ്യവസായ വകുപ്പിനു കീഴിലുള്ള സ്ഥാപനമാണ് കെഎസ്ഐഡിസി. എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. സിഎംആർഎല്ലിൽ രണ്ട് ദിവസം പരിശോധന നടത്തിയതിന് ശേഷമാണ് കെഎസ്ഐഡിസിയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് അന്വേഷണ സംഘം എത്തിയത്. ഇതോടെ അന്വേഷണം മുഖ്യമന്ത്രിയുടെ മകളിലേക്ക് ഏറെ അടുത്തിരിക്കുകയാണ്.