പെരിയ ഇരട്ടക്കൊലക്കേസ് : ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Jaihind News Bureau
Wednesday, August 26, 2020

പെരിയ ഇരട്ടക്കൊലക്കേസിൽ കേസന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ക്രൈംബ്രാഞ്ച് അന്വേഷണം അപൂർണവും വസ്തുതാപരമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കൊലപാതകത്തിന്‍റെ പിന്നിലെ ഗൂഡാലോചന സംബന്ധിച്ച പല നിര്‍ണായക വിവരങ്ങളും വേണ്ട രീതിയില്‍ അന്വേഷിച്ചില്ല. പല കണ്ടെത്തലുകളിലും ആഴത്തിലുള്ള അന്വേഷണം നടത്തണം. പല സാക്ഷികളെയും വേണ്ട രീതിയില്‍ ചോദ്യം ചെയ്തില്ലന്നു കോടതി അഭിപ്രായപ്പെട്ടു . നിർണ്ണായകമായ തെളിവുകൾ ലഭിക്കുമായിരുന്ന സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതിലും പരിശോധിക്കുന്നതിലും ക്രൈംബ്രാഞ്ചിന് വീഴ്ചയുണ്ടായി കോടതി വിലയിരുത്തി. കേസിന്‍റെ നിലനില്‍പിനെ തന്നെ ബാധിക്കാവുന്ന വീഴ്ചയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ശരത്തിൻ്റെയും കൃപേഷിൻ്റെയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ഫോറൻസിക്ക് സർജന്‍റെ മൊഴി അന്വേഷണ സംഘം മുഖവിലക്കെടുത്തുരിന്നില്ല. ശരത്ത് ലാലിൻ്റെയും കൃപേഷിന്‍റെയും ശരീരത്തിലുണ്ടായ മുറിവുകൾ ഇരുമ്പ് പൈപ്പ് കൊണ്ടുള്ള അക്രമത്തിലാണ് ഉണ്ടായതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത്. എന്നാൽ മാരക ആയുധങ്ങൾ ഉപയോഗിച്ചാണ് ശരീരത്തിൽ വെട്ടിയതാണെന്ന് ഫോറൻസിക്ക് സർജൻ ലോക്കൽ പൊലീസിന് മൊഴി നൽകിയിരുന്നു.എന്നാൽ ക്രൈംബ്രാഞ്ച് ഇത് മുഖവിലക്കെടുത്തുരുന്നില്ല എന്ന് കോടതി വ്യക്തമാക്കി. ഇതേക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം ആവശ്യമാണ്. കേസിൽ ഇപ്പോൾ സാഹചര്യ തെളിവുകൾ മാത്രമാണുള്ളതെന്നും അന്വേഷണ സംഘം കൃത്യമായി അന്വേഷിച്ചിരുന്നെങ്കിൽ പ്രതികളെ നേരിട്ട് ബന്ധിപ്പിക്കുന്ന ഒട്ടേറെ തെളിവുകൾ ഉണ്ടാകുമായിരുന്നെന്ന് കോടതി വിലയിരുത്തി. കേസിന്‍റെ ഗൂഡാലോചനയിൽ ആരോപണം നേരിടുന്ന ഉന്നത സി.പി.എം നേതാക്കളുടെ ഫോൺ രേഖകൾ പരിശോദിക്കുന്നതിൽ വീഴ്ച വരുത്തിയതായും കേസിൻ്റെ നിലനിൽപ്പിനെ ബാധിക്കുന്ന വീഴ്ചയാണ് ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ഹൈക്കോടതി വിലയിരുത്തി.

https://youtu.be/pGeAIU3iN2A