ആനയിടഞ്ഞ  സംഭവത്തിൽ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; ദേവസ്വത്തോടും വനം വകുപ്പിനോടും വിശദീകരണം തേടി

Jaihind News Bureau
Friday, February 14, 2025

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഭ​ഗവതി ക്ഷേത്രത്തിൽ ഇന്നലെ ആനയിടഞ്ഞ  സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി.  തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേരാണ് ഇന്നലെ  മരിച്ചത്. സംഭവത്തില്‍ ഗുരുവായൂർ ദേവസ്വം ഉദ്യോഗസ്ഥൻ ഹാജരാകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ആനയുടെ ഭക്ഷണം, യാത്ര തുടങ്ങിയ റജിസ്റ്ററുകളടക്കമുള്ള രേഖകൾ ഹാജരാക്കണമെന്നും കോടതി നിർദേശം വച്ചു.

എന്തിനാണ് ഇത്ര ദൂരത്തേക്ക് ആനയെ കൊണ്ടുപോയതെന്നും ഇത്തരം അപകടങ്ങൾ ഉണ്ടാകുമ്പോൾ ആർക്കെതിരെയാണ് കേസെടുക്കേണ്ടതെന്നും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ദേവസ്വം ലൈവ് സ്റ്റോക് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് കോടതി അറിയിച്ചത്.  ഗുരുവായൂർ ദേവസ്വത്തോടും വനം വകുപ്പിനോടും ഹൈക്കോടതി വിശദീകരണം തേടി.

എഴുന്നള്ളത്തിനിടെയാണ് രണ്ട് ആനകൾ ഇടഞ്ഞത്. ഒരാന മറ്റൊരു ആനയെ കുത്തുകയായിരുന്നു. അക്രമാസക്തരായ ആനകൾ വിരണ്ടോടി. ആനകള്‍ ഇടഞ്ഞതോടെ ആളുകള്‍ നാലുഭാഗത്തേക്കും ഓടുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ടായിരുന്നു 3 പേർ മരിച്ചത്.