സ്ത്രീധനപീഡന കൊലപാതകം: ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിന് ഭാര്യയുടെ സ്വത്തില്‍ അവകാശമില്ലെന്ന് ഹൈക്കോടതി

Jaihind News Bureau
Friday, February 20, 2026

 

കൊച്ചി: സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ഭാര്യ കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിന്, ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളില്‍ അവകാശമുണ്ടാകില്ലെന്ന് കേരള ഹൈക്കോടതി. ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ (Indian Succession Act) ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്ന വിചാരണക്കോടതികളുടെ നിരീക്ഷണം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ്. ഈശ്വരന്‍ നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

സ്ത്രീധനപീഡനത്തെ തുടര്‍ന്ന് മരിച്ച തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ ബാങ്ക് നിക്ഷേപം (75,000 രൂപ) വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് ബാധകമായ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തില്‍, കൊലപാതകിക്ക് സ്വത്തവകാശം നിഷേധിക്കുന്ന പ്രത്യേക വകുപ്പുകളില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതി നേരത്തെ ഈ ഹര്‍ജി തള്ളിയിരുന്നു.

ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ കൊലപാതകിക്ക് സ്വത്തവകാശം നിഷേധിക്കുന്നത് പോലെ തന്നെ, ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തിലും ഇതേ തത്വം ബാധകമാണെന്ന് കോടതി വ്യക്തമാക്കി. ഒരാളെ കൊലപ്പെടുത്തിയ വ്യക്തിക്ക് അയാളുടെ സ്വത്തിന് അവകാശവാദം ഉന്നയിക്കാന്‍ നിയമപരമായും ധാര്‍മ്മികമായും അര്‍ഹതയില്ല. വിചാരണക്കോടതികളുടെ മുന്‍ ഉത്തരവുകള്‍ റദ്ദാക്കിയ ഹൈക്കോടതി, യുവതിയുടെ മാതാപിതാക്കളുടെ ഹര്‍ജി അനുവദിച്ചു.

ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം ഇത്തരം കേസുകളില്‍ നിലനിന്നിരുന്ന അവ്യക്തത നീക്കുന്നതാണ് ഹൈക്കോടതിയുടെ ഈ പുതിയ ഉത്തരവ്.