ഇഡിക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം റദ്ദാക്കി ഹൈക്കോടതി ; സർക്കാരിന് തിരിച്ചടി

Jaihind Webdesk
Friday, April 16, 2021

കൊച്ചി : എൻഫോഴ്‌സ്‌മെന്‍റിനെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. ഇഡിക്കെതിരായ രണ്ട് എഫ്‌ഐആറും റദ്ദാക്കി. അന്വേഷണ വിവരങ്ങൾ ക്രൈം ബ്രാഞ്ച് വിചാരണ കോടതിക്ക് കൈമാറണം. ക്രൈം ബ്രാഞ്ച് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ പ്രതികളായ സ്വപ്നാ സുരേഷ്, സന്ദീപ് നായർ എന്നിവരെ ഭീഷണിപ്പെടുത്തിയെന്ന പേരിൽ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് റജിസ്റ്റർ ചെയ്ത എഫ്ഐആറുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ മുദ്രവച്ച കവറിൽ വിചാരണ കോടതിക്ക് കൈമാറാനും ഹൈക്കോടതി നിർദേശിച്ചു. രേഖകൾ പരിശോധിച്ച് വിചാരണക്കോടതിക്ക് തുടർനടപടികൾ തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിച്ചെന്ന ആരോപണങ്ങളിൽ റജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നൽകിയ ഹർജികളിലാണ് ഹൈക്കോടതി വിധി. മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിച്ചതായി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിന്‍റെയും സന്ദീപ് നായർ ആരോപണം ഉന്നയിച്ചതിന്‍റെയും അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ കേസുകൾ.

സ്വർണ്ണക്കടത്ത് കേസിൽ ഇഡി നടത്തുന്ന അന്വേഷണം ഉന്നത വ്യക്തികളിലേക്കു തിരിയുമെന്നു കണ്ടാണ് കേസെടുത്തതെന്നു ഹർജിക്കാരനായ ഇഡി ഡപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്‌ണൻ ആരോപിച്ചിരുന്നു. ഒരു ഏജൻസിയുടെ അന്വേഷണത്തിന്‍റെ നിജസ്ഥിതി മറ്റൊരു ഏജൻസി അന്വേഷിക്കുന്നതു ശരിയല്ലെന്നും ഇഡി അഭിഭാഷകന്‍ കോടിയില്‍ വാദിച്ചു.