കെട്ടിടങ്ങള്‍ പൊളിക്കരുതെന്ന് ഹൈക്കോടതി : ദ്വീപ് ഭരണകൂടത്തിന് വീണ്ടും തിരിച്ചടി

കൊച്ചി : ലക്ഷദ്വീപ് ഭരണകൂടത്തിന് വീണ്ടും തിരിച്ചടി. ദ്വീപിൽ തീരത്തോട് ചേർന്നുള്ള വീടുകൾ പൊളിക്കുന്നത് കോടതി ഉത്തരവിന് ശേഷം മതിയെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മറ്റൊരു ഉത്തരവ് ഉണ്ടാകും വരെ വീടുകളൊന്നും പൊളിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹർജിയിൽ രണ്ടാഴ്ചയ്ക്കകം നിലപാടറിയിക്കാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ഹൈക്കോടതി നിർദ്ദേശം നൽകി. പരാതികൾ പരിശോധിച്ചു തീരുമാനം എടുക്കാനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കടൽത്തീരത്തോട് ചേര്‍ന്ന വീടുകളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൊളിച്ച് മാറ്റണമെന്നായിരുന്നു പ്രദേശവാസികൾക്ക് കിട്ടിയ നോട്ടീസ്. ഇതിനെതിരെയും ദ്വീപില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

നേരത്തെ ദ്വീപ് ഭരണകൂടത്തിന്‍റെ രണ്ട് വിവാദ ഉത്തരവുകള്‍ക്ക് ഹൈക്കോടതി സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവിനും കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിൽ നിന്നും ചിക്കനും ബീഫും ഒഴിവാക്കണം എന്നുള്ള തീരുമാനത്തിനുമായിരുന്നു ഹൈക്കോടതി  സ്റ്റേ ഏര്‍പ്പെടുത്തിയത്.

Comments (0)
Add Comment