കേസ് 2012 ല്‍, ഉടമാവസ്ഥാവകാശം 2016 ല്‍; മോഹന്‍ലാലിന്‍റെ ആനക്കൊമ്പ് കേസ് എങ്ങനെ പിന്‍വലിക്കും; ഹൈക്കോടതി

Jaihind Webdesk
Tuesday, November 15, 2022

കൊച്ചി: നടൻ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് എങ്ങനെ പിന്‍വലിക്കാനാകുമെന്ന് ഹൈക്കോടതി. കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ടു സർക്കാർ നൽകിയ ഹർജി പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി തള്ളിയതിനെതിരെ സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യങ്ങള്‍ ചോദിച്ചത്.  ഹര്‍ജിയില്‍ മോഹന്‍ലാലും കക്ഷി ചേര്‍ന്നിരുന്നു.

2016ലാണ് മോഹന്‍ലാലിന്  ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ അനുമതിയില്ലാതെ ആനക്കൊമ്പു കൈവശം വച്ചതിനെക്കുറിച്ച് അന്വേഷണം വേണ്ടേ എന്നു കോടതി ചോദിച്ചു. 2011ൽ മോഹൻലാലിന്‍റെ വീട്ടിൽ നിന്ന് ആനക്കൊമ്പു കണ്ടെത്തിയതിനെ തുടർന്നാണ് 1972ലെ വന്യജീവി, വനം സംരക്ഷണ നിയമപ്രകാരം 2012ൽ വനം വകുപ്പു കേസ് രജിസ്റ്റർ ചെയ്തത്.

മോഹൻലാലിന്‍റെ ആർട് ഗാലറിയിൽ സൂക്ഷിക്കുന്നതിനാണ് രണ്ട് ആനക്കൊമ്പുകൾ  മറ്റൊരാളിൽ നിന്നു വിലകൊടുത്തു വാങ്ങിയത്.  അതുകൊണ്ടു തന്നെ കേസ് രജിസ്റ്റർ ചെയ്യപ്പെടുമ്പോൾ നടന് ആനക്കൊമ്പിന്‍റെ ഉടമസ്ഥാവകാശം ഉണ്ടായിരുന്നോ എന്നത് അന്വേഷിക്കേണ്ട കാര്യമാണെന്നും  കോടതി വിലയിരുത്തി.