നിലവിലെ ദേവസ്വം ബോര്‍ഡ് 2019 ലെ സ്വര്‍ണ്ണക്കൊള്ള ബോധപൂര്‍വ്വം മറച്ചുവെച്ചാണ് 2025ലും ദ്വാരപാലക ശില്പം സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതെന്നും ഇത് ദുരൂഹമാണെന്നും ചൂണ്ടിക്കാട്ടിയുള്ള ഹൈക്കോടതി ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡും രാജിവെയ്ക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടന്നെ കൃത്യമായ നിരീക്ഷണമാണ് കോടതി നടത്തിയിട്ടുള്ളത്. സ്വര്‍ണ്ണക്കൊള്ള ബോര്‍ഡിന്റെയും മൗനാനുവാദത്തോടെ നടന്നതാണെന്ന ആരോപണം ശരിവെയ്ക്കുന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 2019ലെ സ്വര്‍ണ്ണം പൂശലുമായി ബന്ധപ്പെട്ട് രേഖകളില്‍ കൃത്രിമം നടത്തിയത് പോലെ 2025 ലെ ദ്വാരപാലക ശില്‍പ്പത്തില്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതിലും ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു നിമിഷം പോലും നിലവിലെ ബോര്‍ഡിനും ദേവസ്വം മന്ത്രിക്കും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല.
സംഘടിത കൊള്ളയാണ് ശബരിമലയില്‍ നടന്നിരിക്കുന്നത്.ബോര്‍ഡും സര്‍ക്കാരും അതിന് അവസരവും ഒത്താശയും ചെയ്യുകയായിരുന്നു. അതുകൊണ്ട് തന്നെ ഈ സ്വര്‍ണ്ണക്കൊള്ള ഏതാനും ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങന്നതല്ല. 2019ലെ ബോര്‍ഡിനെ മാത്രം പഴിചാരി രക്ഷപ്പെടാമെന്ന് ആരും വിചാരിക്കേണ്ട. കോടതി തന്നെ ദുരൂഹത ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ നാണമുണ്ടെങ്കില്‍ രാജിവെച്ച് പുറത്തുപോകാനുള്ള ആര്‍ജ്ജവം ദേവസ്വം ബോര്‍ഡും മന്ത്രിയും കാട്ടണം. അതല്ല മുടന്തന്‍ ന്യായങ്ങള്‍ നിരത്തി കൊള്ള തുടരാനണ് ഭാവമെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇനിയും ഉയര്‍ത്തുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.