അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ നടപടി. മലപ്പുറം തിരൂരങ്ങാടി തൃക്കുളത്താണ് സംഭവം. റവന്യൂ അധികൃതര്‍ മകനെ വീട്ടില്‍ നിന്ന് പുറത്താക്കി അമ്മയ്ക്ക് വീട് നല്‍കി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് അമ്മയ്ക്ക് വീട് ലഭിച്ചത്. തൃക്കുളം അമ്പലപ്പടി സ്വദേശി തണ്ടാശ്ശേരി വീട്ടില്‍ കുമാരന്റെ ഭാര്യ രാധ(78)ക്കാണ് മകന്‍ സുരേഷ് കുമാറില്‍ നിന്ന് വീട് ലഭ്യമാക്കിയത്.
2021ലാണ് രാധ സംഭവവുമായി ബന്ധപ്പെട്ട് ആര്‍ഡിഒയ്ക്ക് പരാതി നല്‍കുന്നത്. ഏഴ് വര്‍ഷത്തിലധികമായി മകനില്‍ നിന്ന് ശാരീരിക ഉപദ്രവങ്ങള്‍ നേരിട്ടെന്നും പരാതിയിലുണ്ടായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് മകന്‍ ജില്ലാ കളക്ടറെ സമീപിക്കുകയും എന്നാല്‍ കളക്ടര്‍ അമ്മയ്ക്ക് അനുകൂലമായി ഉത്തരവിടുകയും ചെയ്തു. ഇതിനെതിരെ മകന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, ഹൈക്കോടതിയും അമ്മയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.
താമസം മാറാന്‍ സമയം അനുവദിക്കണമെന്ന മകന്റെ ആവശ്യപ്രകാരം അഞ്ച് ദിവസത്തെ സമയം ഹൈക്കോടതി നല്‍കിയിരുന്നു. എന്നിട്ടും ഇയാള്‍ മാറാന്‍ തയ്യാറാകാതിരുന്നതിനാലാണ് നടപടി.