‘ജീവനുണ്ടെങ്കില്‍ ഇനിയും റാലി നടത്താം’ ; യുപി തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നത് ആലോചിക്കണമെന്ന് ഹൈക്കോടതി

Jaihind Webdesk
Friday, December 24, 2021

ലക്നൌ:  ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് മാറ്റി വെക്കുന്ന കാര്യം പരിഗണിക്കണമെന്ന് പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും അലഹബാദ് ഹൈക്കോടതി.  രാജ്യത്ത് ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് കോടതിയുടെ പരാമര്‍ശം.

ഒന്നോ രണ്ടോ മാസത്തേക്ക് യുപി നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. ജീവനുണ്ടെങ്കിൽ ഭാവിയിലും തെരഞ്ഞെടുപ്പും റാലികളും നടത്താമെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്ത് കൊവിഡ് വകഭേദമായ ഒമിക്രോണ്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.

അതേസമയം സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ വ്യാപനം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ഡല്‍ഹിയില്‍ഒ അവലോകന യോഗം ചേര്‍ന്നിരുന്നു.  രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ രാത്രി കാല കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി.  ജാഗ്രത കൂട്ടണമെന്നും ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.  ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം. ആഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണം. പോസിറ്റിവിറ്റി നിരക്ക് കൂടിയാല്‍ ആ പ്രദേശത്തെ ഉടന്‍ കണ്ടയെന്‍റ്മെന്‍റ് സോണായി പ്രഖ്യാപിക്കണം. ഉടന്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വാക്സിനേഷന്‍ നിരക്ക് കുറഞ്ഞ ജില്ലകളില്‍ പ്രതിരോധ കുത്തിവെപ്പിന്‍റെ വേഗം കൂട്ടണം.

ഇതിനോടകം രാജ്യത്തെ ആകെ കേസുകള്‍ 351 ആയി ഉയര്‍ന്നു. രോഗവ്യാപനത്തില്‍ മഹാരാഷ്ട്രയാണ് മുമ്പില്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. തമിഴ്നാട്ടില്‍ 34 പേര്‍ക്കും കേരളതക്തില്‍ 29 പേര്‍ക്കും രോഗം സഥിരീകരിച്ചു. വ്യാപന തീവ്രത കൂടുന്ന ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളം ആറാം സ്ഥാനത്താണ്.