സഭാ ഭൂമി ഇടപാട് കേസിലെ ഹർജികള്‍ തള്ളി; കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി

Thursday, August 12, 2021

 

കൊച്ചി : സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാടില്‍ വിചാരണ നേരിടണമെന്ന ഉത്തരവിനെതിരെ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

കാട്ടാക്കട മജിസ്‌ട്രേറ്റ് കോടതിയും എറണാകുളം സെഷന്‍സ് കോടതിയും നേരത്തെ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്ത് കര്‍ദിനാള്‍ അടക്കമുള്ള ആറ് പ്രതികള്‍ നല്‍കിയ ഹര്‍ജികളും ഹൈക്കോടതി തള്ളുകയായിരുന്നു. ഉത്തരവ് നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ദേശവും ഉണ്ടാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് ആറ് ഹര്‍ജികളാണ് ആലഞ്ചേരി നല്‍കിയിരുന്നത്. ഈ ആറ് ഹര്‍ജികളും ഹൈക്കോടതി തള്ളി. ഹൈക്കോടതി ഉത്തരവിനെതിരെ കർദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സുപ്രീം കോടതിയെ സമീപിക്കും.