കൊച്ചി: സംസ്ഥാനത്തെ ക്ഷേത്രപരിസരങ്ങള്‍ രാഷ്ട്രീയ യോഗങ്ങള്‍ക്കോ പ്രചാരണങ്ങള്‍ക്കോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. ക്ഷേത്രാങ്കണങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി എന്‍. പ്രകാശ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍ വി, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
കോഴിക്കോട്ടെ തളി ക്ഷേത്രം, ആറ്റിങ്ങല്‍ ശ്രീ ഇണ്ടിളയപ്പന്‍ ക്ഷേത്രം, കൊല്ലം കടയ്ക്കല്‍ ദേവി ക്ഷേത്രം എന്നിവിടങ്ങളില്‍ രാഷ്ട്രീയ പരിപാടികള്‍ സംഘടിപ്പിച്ചതായി ഹര്‍ജിക്കാരന്‍ ആരോപിച്ചു. ശ്രീ ഇണ്ടിളയപ്പന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗായകന്‍ ആലോഷി വിപ്ലവഗാനങ്ങള്‍ ആലപിച്ചതും, ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം അവതരിപ്പിച്ചതും ഹര്‍ജിയില്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി. കോഴിക്കോട് തളി ക്ഷേത്രത്തിലെ കൈലാസ മണ്ഡപത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെ എസ്.എഫ്.ഐക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചതും, കടയ്ക്കല്‍ ക്ഷേത്രത്തില്‍ വിപ്ലവഗാനങ്ങള്‍ ആലപിച്ചതും വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും അനുചിതവുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. സിപിഎം അനുകൂലികളായ ക്ഷേത്രോപദേശ കമ്മിറ്റിയുടെ ആവശ്യപ്രകാരമാണ് ഇത്തരം പരിപാടികള്‍ അരങ്ങേറിയതെന്ന് അന്നു തന്നെ വിശ്വാസികള്‍ പരാതിപ്പെട്ടിരുന്നു.
കടയ്ക്കല്‍ ദേവി ക്ഷേത്രത്തിലെ സമാനമായ ഒരു കേസില്‍, ക്ഷേത്രാരാധനയില്‍ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്നും, ക്ഷേത്ര ഉത്സവങ്ങളില്‍ ആരാധനയുമായി ബന്ധമില്ലാത്ത സാംസ്‌കാരിക-സാമൂഹിക പരിപാടികള്‍ക്ക് സ്ഥാനമില്ലെന്നും മറ്റൊരു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഈ വിധിയും പുതിയ ഉത്തരവിന് ബലമേകുന്നു.
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വാദം
എന്നാല്‍, ക്ഷേത്രങ്ങളിലെ പൂജകളും ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊഴികെ മറ്റ് പരിപാടികള്‍ നിയന്ത്രിക്കാന്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത് പ്രായോഗികമല്ലെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. 1988ലെ മതസ്ഥാപന (ദുരുപയോഗം തടയല്‍) നിയമപ്രകാരം ക്ഷേത്രപരിസരം ദുരുപയോഗം ചെയ്യുന്നത് നിയമനടപടിക്ക് വിധേയമാണെന്നും, അതിനാല്‍ കോടതിയുടെ പ്രത്യേക നിര്‍ദ്ദേശത്തിന്റെ ആവശ്യമില്ലെന്നും ബോര്‍ഡ് വാദിച്ചു. ഹര്‍ജിക്കാരന്‍ പരാമര്‍ശിച്ച സാംസ്‌കാരിക പരിപാടികളില്‍ നിരവധിപ്പേര്‍ പങ്കെടുക്കുകയും ആസ്വദിക്കുകയും ചെയ്തിട്ടുണ്ടെന്നും ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു.
ഹൈക്കോടതിയുടെ കര്‍ശന നിലപാട്
ഇരുപക്ഷത്തിന്റെയും വാദങ്ങള്‍ കേട്ട കോടതി, 1988-ലെ നിയമം കര്‍ശനമായി പാലിക്കാന്‍ നിര്‍ദ്ദേശിച്ചു. ഈ നിയമപ്രകാരം, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിനായി മതസ്ഥാപനങ്ങളോ അവയുടെ പരിസരമോ ഉപയോഗിക്കാനോ ഉപയോഗിക്കാന്‍ അനുവദിക്കാനോ പാടില്ല. മതസ്ഥാപനങ്ങളുടെ ഫണ്ട് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നതും നിയമം വിലക്കുന്നു. ക്ഷേത്രങ്ങളില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചടങ്ങുകളോ ഉത്സവങ്ങളോ സമ്മേളനങ്ങളോ ഘോഷയാത്രകളോ സംഘടിപ്പിക്കുന്നതിനും വിലക്കുണ്ട്.
ഈ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മൂന്ന് ദേവസ്വം ബോര്‍ഡുകളോടും കോടതി ഉത്തരവിട്ടു. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍, ഉടനടി നിയമപാലകരെ വിവരമറിയിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൂടാതെ, നിയമം പാലിക്കുന്നത് സംബന്ധിച്ച് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങള്‍ക്കും പുതിയ സര്‍ക്കുലറുകള്‍ നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.