അതിതീവ്രന്യൂനമർദ്ദം; സംസ്ഥാനത്ത് ജാഗ്രതാനിർദേശം

Jaihind Webdesk
Wednesday, October 30, 2019

Rain-Kerala

തിരുവനന്തപുരം: അതിതീവ്രന്യൂനമർദ്ദത്തെ തുടർന്ന് കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ കടൽതത്തീരത്തേക്കും മലയോര മേഖലകളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശം.മുന്നറിയിപ്പ് നൽകാൻ ജില്ലാ കളക്ടർമാർക്ക് സർക്കാർ നിർദേശം നൽകി.കാലാവസ്ഥാ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കൊല്ലം ബീച്ചില്‍ ഇന്നും (ഒക്ടോബർ 30) നാളെയും (ഒക്ടോബർ 31) സന്ദര്‍ശകരെ വിലക്കി കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. മലയോര മേഖലയിൽ ഇന്ന് വൈകിട്ട് ആറ് മണി മുതൽ നാളെ രാവിലെ ആറ് മണി വരെ യാത്രാ നിരോധനവും ഏർപ്പെടുത്തി. അത്യാവശ്യത്തിന് ഒഴികെ മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം എന്ന് കളക്ടർ അഭ്യർത്ഥിച്ചു. നവംബര്‍ രണ്ട് വരെ മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

അറബിക്കടലിലെ തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട്, ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുന്ന തീവ്രന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്രമാകും. മറ്റന്നാൾ വൈകുന്നേരത്തോടെ ലക്ഷദ്വീപിന് കുറുകെ സഞ്ചരിച്ച് ഇത് മഹാ എന്ന് പേരുള്ള ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ നിലവിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.