ഡല്‍ഹിയില്‍ കനത്ത ജാഗ്രത, 26/11 മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവുര്‍ ഹുസൈന്‍ റാണയെ ഉടന്‍ എത്തിക്കും

Jaihind News Bureau
Thursday, April 10, 2025

26/11 മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവുര്‍ ഹുസൈന്‍ റാണയെ ഇന്ത്യയിലെത്തിക്കുന്നതിന്റെ മുന്നോടിയായി ഡല്‍ഹിയിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. കനത്ത ജാഗ്രതയിലാണ് തലസ്ഥാനം. യുഎസില്‍ നിന്ന് ബുധനാഴ്ച യാത്രതിരിച്ച സംഘം അല്‍പസമയത്തിനകം ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാകിസ്ഥാന്‍ വംശജനും കനേഡിയന്‍ പൗരനുമായ റാണയെ ഡല്‍ഹി പാലം വിമാനത്താവളത്തില്‍ നിന്ന് ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ആസ്ഥാനത്തേക്ക് കൊണ്ടുപോകും. എന്‍ ഐയുടെ കസ്റ്റഡിയിലായിരിക്കും ഇയാള്‍. 64 കാരനായ റാണ 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരില്‍ ഒരാളായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി എന്ന ദാവൂദ് ഗിലാനിയുടെ അടുത്ത അനുയായിയാണ്.

സുരക്ഷയുടെ ഭാഗമായി അതീവ ജാഗ്രതയിലാണ് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍. സ്വാറ്റ് (സ്‌പെഷ്യല്‍ വെപ്പണ്‍സ് ആന്‍ഡ് ടാക്റ്റിക്‌സ്) കമാന്‍ഡോകളെ വിമാനത്താവളത്തില്‍ വിന്യസിച്ചു. റാണയെ കൊണ്ടുവരുന്ന ബുള്ളറ്റ് പ്രൂഫ് കാറിനൊപ്പം കവചിത വാഹനങ്ങളും ഉണ്ടായിരിക്കും

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ തഹാവൂര്‍ റാണയെ ബുധനാഴ്ചയാണ് യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ടത്. റാണയെ തിഹാര്‍ ജയിലിലായിരികും പ്രവേശിപ്പിക്കുക. ഇന്ത്യയ്കക്ക് പ്രതിയെ കൈമാറുന്നത് ഒഴിവാക്കാന്‍ യു എസ് സുപ്രീം കോടതിയില്‍ അവസാന നിമിഷം വരെ നടത്തിയ ശ്രമവും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ വിട്ടുകിട്ടിയത്. പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ പൗരനാണ് റാണ. കേസില്‍ വിചാരണ നടത്താന്‍ കേന്ദ്രം അഡ്വ. നരേന്ദര്‍ മാന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരിക്കും