വന്‍ വിജയമായി ഹൈബി ഈഡൻ എം.പിയുടെ ‘സൗഖ്യം’ സൂപ്പർസ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്

Jaihind Webdesk
Monday, December 12, 2022

കൊച്ചി : ഹൈബി ഈഡൻ എം.പി സംഘടിപ്പിച്ച സൗഖ്യം സൂപ്പർസ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിൽ 7426 പേർ ചികിത്സ തേടിയെത്തി. നേത്രരോഗ വിഭാഗത്തിലാണ് കൂടുതൽ രോഗികളെത്തിയത്, 2650 പേർ. 1026 പേരാണ് ഹൃദ്രോഗ വിഭാഗത്തിൽ ചികിത്സ തേടിയെത്തിയത്. 360 വിദഗ്ധ ഡോക്ടർമാരും നാനൂറോളം നഴ്‌സിംഗ്, പാര മെഡിക്കൽ ജീവനക്കാരും ക്യാമ്പിൽ പങ്കെടുത്തു. ഡോ. വി.പി ഗംഗാധരൻ, ഡോ.ജി.എൻ രമേശ്, ഡോ. പദ്മനാഭ ഷേണായ് തുടങ്ങിയ മുതിർന്ന ഡോക്ടർമാരും ക്യാമ്പിൽ രോഗികളെ പരിശോധിച്ചു.

 

ക്യാമ്പിൽ പങ്കെടുത്തവർക്ക് കണ്ണട സൗജന്യമായി നൽകും. തിമിര ശസ്ത്രക്രിയയും സൗജന്യമായി ചെയ്തു കൊടുക്കും. ഇന്ത്യയിലെ പ്രമുഖ കണ്ണാശുപത്രികളിൽ നിന്നുള്ള എല്ലാ സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളും ഇത്തവണ ക്യാമ്പിനെത്തിയിരുന്നു. ക്യാമ്പിൽ എത്തിയ 112 പേർക്ക് ഇ സി ജി, 30 പേർക്ക് എക്കോ കാർഡിയോഗ്രാം എന്നിവ സൗജന്യമായി ലഭ്യമാക്കി.അൾട്രാ സൗണ്ട് സ്കാൻ , സി ടി സ്കാൻ എന്നിവയ്ക്ക് ഇന്ദിരാഗാന്ധി ആശുപത്രിയിൽ സൗകര്യമൊരുക്കി.

കുട്ടികൾക്കായി ബലൂണുകളും കളിപ്പാട്ടങ്ങളുമൊക്കെ അലങ്കരിച്ച് പ്രത്യേക പവലിയൻ സജ്ജമാക്കിയിരുന്നു. കുട്ടികളുടെ വിഭാഗത്തിൽ ഹെമറ്റോ ഓങ്കോളജി, സർജറി, ഗ്യാസ്‌ട്രോ എന്‍ററോളജി, യൂറോളജി, കാർഡിയോളജി എന്നീ വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളുടെ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിയിരുന്നു. 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് വിവിധ ശസ്ത്രക്രിയകൾ സൗജന്യമായി ചെയ്തു കൊടുക്കുമെന്ന് ഹൈബി ഈഡൻ അറിയിച്ചു. ഇരുപത്തഞ്ചോളം കുട്ടികളെ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. 5 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്കായി ഹൈപ്പർ ആക്ടിവിറ്റി ക്ലിനിക്കും സജ്ജമാക്കിയിരുന്നു. മാമ്മോഗ്രാം പരിശോധന,കേൾവി പരിശോധന, ദന്ത രോഗ വിഭാഗം, ലാബ് സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിരുന്നു. വിവിധ സ്‌ഥാപനങ്ങളുടെ സഹായത്തോടെ മരുന്ന് വിതരണ കേന്ദ്രവും ക്യാമ്പിൽ ഏർപ്പെടുത്തിയിരുന്നു. 15.5 ലക്ഷം രൂപയുടെ മരുന്നുകളും മരുന്ന് കൂപ്പണുകളുമാണ് ക്യാമ്പിലൂടെ വിതരണം ചെയ്തത്. മുത്തൂറ്റ് ഫൈനാൻസുമായി സഹകരിച്ച് ക്യാമ്പിൽ പങ്കെടുത്ത 500 രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചെയ്യാൻ തീരുമാനിച്ചതായും ഹൈബി ഈഡൻ പറഞ്ഞു.

ഐ എം എ കൊച്ചി ശാഖയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ ബി പി സി എൽ കൊച്ചി റിഫൈനറി, കൊച്ചിൻ ഷിപ്യാർഡ്, എഫ് എ സി ടി, ഫെഡറൽ ബാങ്ക് എന്നിവരാണ് സി എസ്ആർ പിന്തുണ നൽകിയത്. രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഇന്ദിരാഗാന്ധി ആശുപത്രി എന്നിവിടങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

മെഡിക്കൽ ക്യാമ്പിന്‍റെ  ഉദ്‌ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിർവഹിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതാണ് ഒരു ജനപ്രതിനിധിയുടെ പ്രഥമ കർത്തവ്യമെന്നും ഹൈബി ഈഡനെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. സൗഖ്യം ആശംസിക്കുക മാത്രമല്ല അതിനുള്ള ശ്രമങ്ങൾ കൂടി ഹൈബിഈഡൻ നടത്തുന്നത് സന്തോഷകരമാണെന്നും മന്ത്രി പറഞ്ഞു. ഹൈബി ഈഡൻ എം.പി അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കെ. ബാബു എം.എൽ.എ, എം എൽ എ മാരായ ടി.ജെ വിനോദ്, എം.എൻ ഉണ്ണികൃഷ്ണൻ, ഉമാ തോമസ്,ബി പി സി എൽ എക്സിക്യൂട്ടീവ് ഡയറക്ടർ കെ. അജിത്കുമാർ, സി എസ് ആർ മേധാവി വിനീത്, കൊച്ചിൻ ഷിപ്യാർഡ് സി എസ് ആർ മേധാവി സമ്പത് കുമാർ, ഐ എം എ കൊച്ചി ശാഖാ പ്രസിഡന്റ് ഡോ . ശ്രീനിവാസ കമ്മത്ത്, സെക്രട്ടറി ഡോ . ജോർജ് തുകലൻ, സൗഖ്യം ട്രസ്റ്റ് ചെയർമാൻ കൊമ്മഡോർ അജയ് കുമാർ, ക്യാമ്പ് ഡയറക്ടർ ഡോ. ജുനൈദ് റഹ്മാൻ, ക്യാമ്പ് കോർഡിനേറ്റർ ഡോ. മുഹമ്മദ് ഹനീഷ്, ഡോ . സച്ചിതാനന്ദ കമ്മത്ത് എന്നിവർ പങ്കെടുത്തു. മേയർ എം. അനിൽകുമാർ, ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർ ക്യാമ്പ് സന്ദർശിച്ചു.