യൂത്ത് കോൺഗ്രസ് സമരത്തിനെതിരായ പോലീസ് അതിക്രമം പാർലമെന്റിൽ ഉന്നയിച്ച് ഹൈബി ഈഡൻ എം.പി

Jaihind News Bureau
Saturday, September 19, 2020

കേരളത്തിലെ സിപിഎം സർക്കാരിന്‍റെ നേതൃത്വത്തിൽ നടത്തുന്ന അഴിമതിക്കും കള്ളക്കടത്തിനുമെതിരെ സമരം ചെയ്ത എം.എൽഎമാരടക്കം അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഗവർണ്ണറോട് കേന്ദ്ര സർക്കാർ റിപ്പോർട്ട് ആവശ്യപ്പെടണമെന്ന് ഹൈബി ഈഡൻ എംപി പാർലമെന്റിൽ ഉന്നയിച്ചു.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ, വൈസ് പ്രസിഡന്റ് കെ.എസ് ശബരിനാഥ് എം.എൽ.എ, വി റ്റി ബൽറാം എം.എൽ.എ തുടങ്ങിയ നേതാക്കളെയും യുവതികളെയും നേരിടാൻ പോലീസിനെ രാഷ്ട്രീയപരമായി ഉപയോഗിച്ചത് അപമാനകരമാണെന്നും, ജനവികാരം അടിച്ചമർത്താൻ ഒരു ഭരണകൂടത്തിനും കഴിയില്ലെന്നും എം പി പറഞ്ഞു. എംഎൽഎമാരടക്കം വിദ്യാർത്ഥികളും യുവതികളും അതിക്രൂരമായിട്ടാണ് അക്രമിക്കപ്പെട്ടത്. കള്ളക്കടത്തും അഴിമതിയും നടത്തിയവർ തന്നെ ഇപ്പോഴും അധികാരത്തിലിരിക്കുമ്പോൾ നീതിപൂർവ്വവും നിഷ്പക്ഷവുമായ ഒരു അന്വേഷണം നടക്കില്ല. നയതന്ത്ര ബാഗിൽ സ്വർണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുള്ളയായി തെളിഞ്ഞിരിക്കുകയാണ് .ആയതിനാൽ നീതിപൂർവ്വവും സുതാര്യവുമായ ഒരു അന്വേഷണം നടത്താൻ ആവശ്യമാണെന്നും എംപി ലോകസഭയിലെ ശൂന്യ വേളയിൽ ആവശ്യപ്പെട്ടു.