‘ചരിത്ര വസ്തുതകളെ ഇല്ലായ്മ ചെയ്യുന്നത് ഫാസിസത്തിന്‍റെ മറ്റൊരു മുഖം’ ; സി.എച്ചിന്‍റെ പേര് ഒഴിവാക്കിയതില്‍ ഹൈബി ഈഡന്‍

Jaihind Webdesk
Monday, July 12, 2021

കൊച്ചി സർവ്വകലാശാലയുടെ സുവർണ ജൂബിലിയിൽ നിന്നും സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണ മാറ്റി നിർത്തുന്നത്  പ്രതിഷേധാർഹമെന്ന് ഹൈബി ഈഡന്‍ എം.പി. 1971ൽ സി.അച്യുതമേനോൻ മുഖ്യമന്ത്രിയാരുന്ന കാലഘട്ടത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സി.എച്ച് മുഹമ്മദ് കോയ മുൻകൈ എടുത്താണ്‌ കൊച്ചി സർവ്വകലാശാല സ്ഥാപിക്കുന്നത്. സർവ്വകലാശാല അഭിമാനകരമായ 50 വർഷം പൂർത്തിയാക്കുമ്പോൾ സർവ്വകലാശാലയുടെ ശില്പിയെ തന്നെ ചരിത്രത്തിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചി സർവ്വകലാശാല സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ജനപ്രതിനിധി എന്ന നിലയിൽ തന്നെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം അറിയിച്ചിട്ടില്ലെന്നും  തുടർഭരണത്തെ എന്തും ചെയ്തു കൂട്ടാനുള്ള ലൈസൻസായിട്ടാണ്‌ സർക്കാർ കണക്കാക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘ചരിത്രവസ്തുതകളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത് ഫാസിസത്തിന്റെ മറ്റൊരു മുഖമാണ്‌. കേരളത്തിന്‍റെ ശാസ്ത്ര സാങ്കേതിക രംഗത്ത് ഒട്ടനവധി സംഭാവനകൾ നല്കിയ കൊച്ചി സർവ്വകലാശാല 50 വർഷം പൂർത്തീകരിക്കുമ്പോൾ നമ്മുടെ നാടിന്‌ അത് സമ്മാനിച്ച സി എച്ചിനെ സ്മരിക്കുവാൻ ഈ അവസരം ഉപയോഗപ്പെടുത്തുന്നു.’-ഹൈബി കുറിച്ചു.