‘എസ്എഫ്‌ഐയെ ഭീകരസംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തണം, നിരോധിക്കണം’ : ഹൈബി ഈഡൻ എംപി

Wednesday, March 16, 2022

തിരുവനന്തപുരം ലോ കോളജിൽ കെഎസ്‌യു വനിതാ നേതാവിനെ അടക്കം എസ്എഫ്‌ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചതിന് പിന്നാലെ സംഘടനയ്ക്കെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈബി ഈഡൻ എംപി. എസ്എഫ്‌ഐയെ ഭീകരസംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി നിരോധിക്കണമെന്ന് ഹൈബി ഈഡൻ എംപി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. നിരന്തരമായി വിദ്യാർഥികളെ ക്രൂരമായി മർദിക്കുകയും അവരുടെ മൗലികാവകാശങ്ങൾ പോലും എസ്എഫ്‌ഐ നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലോ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ കെഎസ്‌യു സ്ഥാനാർഥി വിജയിച്ചിരുന്നു. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എസ്എഫ്‌ഐ പ്രവർത്തകർ കൂട്ടംചേർന്ന് വലിച്ചിഴച്ച് ക്രൂരമായി മർദിച്ചപ്പോൾ പൊലീസ് നോക്കിനിന്നെന്ന് ലോ കോളജിൽ മർദനത്തിനിരയായ കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റ് സഫ്‌ന യാക്കൂബ് പറഞ്ഞു. കോളജിലെ അക്രമത്തിന് ശേഷം എസ്എഫ്‌ഐ പ്രവർത്തകർ വീടുകയറി മർദിച്ചെന്നും കെഎസ്‌യു ആരോപിച്ചു. ദേവനാരായണനെന്ന വിദ്യാർഥിക്ക് കഴുത്തിനും ജിയോ എന്ന വിദ്യാർഥിക്ക് കാലിനും പരിക്കുണ്ട്. എസ്എഫ്‌ഐ ഭാരവാഹികൾ വരെ മർദിച്ച സംഘത്തിലുണ്ടായിരുന്നു എന്ന് ദേവനാരായണൻ പറഞ്ഞു.