റാഞ്ചി: ജാർഖണ്ഡിൽ വിശ്വാസ വോട്ട് നേടി മുഖ്യമന്ത്രി ഹേമന്ത് സോറൻ. 81 ൽ 48 വോട്ടുകൾ നേടിയാണ് ഹേമന്ത് സോറൻ വിശ്വാസം തെളിയിച്ചത്. ആഭ്യന്തര യുദ്ധത്തിന് സമാനമായ സാഹചര്യമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഹേമന്ത് സോറൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് വിജയിക്കാൻ ബിജെപി രാജ്യത്ത് കലാപങ്ങളുണ്ടാക്കുകയാണെന്നും ഹേമന്ത് സോറൻ കുറ്റപ്പെടുത്തി.
‘നിയമസഭാംഗങ്ങളെവെച്ച് കുതിരക്കച്ചവടത്തിനാണ് ബിജെപി ശ്രമിക്കുന്നത്. ആളുകള്‍ ചന്തയിൽനിന്ന് സാധനങ്ങളാണ് വാങ്ങുന്നത്. പക്ഷേ ബിജെപി നിയമസഭാംഗങ്ങളെയാണ് വാങ്ങുന്നത്. ജനാധിപത്യത്തെ തകർക്കാനാണ് അവരുടെ ശ്രമം. ആഭ്യന്തര യുദ്ധത്തിനു സമാനമായ സാഹചര്യം ഉണ്ടാക്കാനാണ് നോക്കുന്നത്. നിങ്ങള്‍ക്ക് അതിന് ഉചിതമായ മറുപടി തന്നെ ലഭിക്കും’– ഹേമന്ത് സോറൻ നിയമസഭയില്‍ പറഞ്ഞു.
സംസ്ഥാനങ്ങളെ തമ്മിൽ തല്ലിക്കുന്നതിനാണ് ബിജെപിയുടെ ശ്രമം. ജാർഖണ്ഡിൽ യുപിഎ സർക്കാർ ഉള്ള കാലത്തോളം ബിജെപിയുടെ ഗൂഢാലോചന നടക്കാൻ പോകുന്നില്ല. എംഎല്‍എമാരെ വിലയ്ക്ക് വാങ്ങുന്നതില്‍ ആസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയ്ക്കും പങ്കുണ്ടെന്നും ഹേമന്ത് സോറന്‍ ആരോപിച്ചു. ഹേമന്ത് സോറന്‍റെ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) – 30, കോൺഗ്രസ് – 18, ബിജെപി -26 എന്നിങ്ങനെയാണ് ജാർഖണ്ഡ് നിയമസഭയിലെ സീറ്റുനില. ഛത്തീസ്ഗഡിലെ റിസോർട്ടിൽ കഴിയുന്ന എംഎൽഎമാരെ ജാർഖണ്ഡിലേക്ക് തിരിച്ചെത്തിച്ചാണ് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്.