ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ അന്വേഷണമില്ലാത്തത് എന്തുകൊണ്ട്? സർക്കാരിനോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, August 28, 2024

 

മലപ്പുറം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സർക്കാരിനോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. റിപ്പോർട്ടില്‍ അന്വേഷണമില്ലാത്തത് എന്തുകൊണ്ടാണെന്നും കൃത്രിമം കാട്ടിയത് ആരെ രക്ഷിക്കാനാണെന്നും അദ്ദേഹം ചോദിച്ചു. ആരെയൊക്കെയോ രക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണെന്നും സര്‍ക്കാർ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

“സര്‍ക്കാരിന്‍റെ ഒളിച്ചുകളിയെ തുടര്‍ന്നാണ് എല്ലാവരും വഷളാകുന്ന സാഹചര്യമുണ്ടായിരിക്കുന്നത്. സിനിമാ രംഗത്തെ എല്ലാവരും കുഴപ്പാക്കാരാണെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകാനുള്ള കാരണവും സര്‍ക്കാരാണ്. എത്രയോ നല്ല മനുഷ്യരാണ് സിനിമയിലുള്ളത്. യഥാര്‍ത്ഥ കുറ്റവാളികള്‍ ആരാണെന്ന് സര്‍ക്കാര്‍ മറച്ചുവെക്കുന്നതു കൊണ്ടാണ് നിരപരാധികള്‍ പോലും അപമാനിക്കപ്പെടുന്ന സാഹചര്യം കേരളത്തിലുണ്ടായത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരിഹാരമുണ്ടാക്കണം” – പ്രതിപക്ഷ നേതാവ് പറഞ്ഞു.

സാംസ്‌കാരിക മന്ത്രിയോട് ചോദിച്ചാല്‍ ഒന്നും പറയാനില്ലെന്നാണ് മറുപടി. മുഖ്യമന്ത്രി ഇഷ്ടമുള്ള ചോദ്യത്തിന് മാത്രമേ മറുപടി പറയുകയുള്ളുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സര്‍ക്കാരിനോട് പ്രതിപക്ഷത്തിനുള്ള അഞ്ച് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയേ മതിയാകൂവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

സർക്കാരിനോട് പ്രതിപക്ഷ നേതാവിന്‍റെ അഞ്ചു ചോദ്യങ്ങള്‍:

1. കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നെന്നു വ്യക്തമാക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണം നടത്താത്തത്?

2. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 176 (1) വകുപ്പും ഭാരതീയ ന്യായ സംഹിതയുടെ 199 (സി) വകുപ്പും പോക്‌സോ ആക്ടിലെ 21 വകുപ്പും അനുസരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗിക അതിക്രമങ്ങള്‍ മറച്ചു വയ്ക്കുന്നത് കുറ്റകരമാണ്. എന്നിട്ടും എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത്?

3. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം നല്‍കിയപ്പോള്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ പറഞ്ഞതിലും കൂടുതല്‍ പേജുകളും ഖണ്ഡികകളും സര്‍ക്കാര്‍ വെട്ടിമാറ്റി കൃത്രിമത്വം കാട്ടിയത് ആരെ രക്ഷിക്കാനാണ്?

4. സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന കൊടും ക്രൂരതകള്‍ക്കൊപ്പം മയക്കുമരുന്നിന്റേയും മറ്റ് ലഹരി പദാര്‍ഥങ്ങളുടെയും അനിയത്രിത ഉപയോഗവും അതുണ്ടാക്കുന്ന ഭീകരാവസ്ഥയെ കുറിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു?

5. എന്തുകൊണ്ടാണ് സര്‍ക്കാര്‍ സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ചിരിക്കുന്നത്?

ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരവും തീരുമാനവും ഉണ്ടായാല്‍ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകും. തൊഴിലിടമെന്ന നിലയില്‍ എല്ലാവരെയും സംരക്ഷിക്കുന്ന തീരുമാനങ്ങള്‍ എടുക്കണം. സിപിഎമ്മിന്‍റെ എംഎല്‍എയെ രക്ഷിക്കാന്‍ ബിജെപിയുടെ കേന്ദ്രമന്ത്രി ഇറങ്ങിയിരിക്കുകയാണ്. കേന്ദ്രമന്ത്രി മാധ്യമ പ്രവര്‍ത്തകരെ തട്ടിമാറ്റിയത് സിപിഎമ്മിന്‍റെ എംഎല്‍എയെ രക്ഷിക്കുന്നതിന് വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുകേഷ് രാജി വെക്കണമോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹവും സിപിഎമ്മും ആണ്. പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഒന്നാം പ്രതിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇരകളെയും വേട്ടക്കാരെയും ഒന്നിച്ച് ഇരുത്തിയുള്ള സിനിമ കോണ്‍ക്ലേവ് അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.