ഹേമ കമ്മറ്റി റിപ്പോർട്ട്; സർക്കാർ നാളെ പുറത്തുവിടും

 

തിരുവനന്തപുരം: സർക്കാർ നാലര വർഷം പൂഴ്ത്തിവെച്ച ഹേമ കമ്മറ്റി റിപ്പോർട്ട് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ  നാളെ പുറത്തുവിടും. റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് റിപ്പോർട്ട് പുറത്തുവിടുവാൻ സർക്കാർ നിർബന്ധിതമായിരിക്കുന്നത്. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച റിപ്പോർട്ട് പുറത്തുവന്നാൽ മലയാള സിനിമ മേഖലയിൽ എന്ത് മാറ്റമുണ്ടാകുമെന്നാണ് ഇനി കണ്ടറിയേണ്ടത്.

നടിയെ ആക്രമിച്ച കേസിന് പിന്നാലെ സിനിമാ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടാണ് ഒടുവിൽ പുറത്ത് വരുന്നത്. സിനിമാ മേഖലയിലെ തെറ്റായ പ്രവണതകളിലേക്കും വ്യക്തികളിലേക്കും റിപ്പോർട്ട്
വിരൽ ചൂണ്ടിയതോടെയാണ് അവ്യക്തമായ കാരണങ്ങൾ പറഞ്ഞ് സർക്കാർ റിപ്പോർട്ട് മുക്കിയത്. നാലര വർഷം നീണ്ടുനിന്ന വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ സർക്കാർ പൂഴ്ത്തി വെച്ചിരുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് നാളെ വെളിച്ചം കാണും. വിവരാവകാശ കമ്മീഷൻ ഉത്തരവിനെ തുടർന്നാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിടുവാൻ നിർബന്ധിതമായത്.  എന്നാൽ റിപ്പോർട്ട് പുറത്തുവിടുന്നതിന് തൊട്ടുമുമ്പ് നിർമ്മാതാവ് സജിമോൻ പാറയിൽ ഹൈക്കോടതിയെ സമീപിച്ച് ഇത് തടയുകയായിരുന്നു. പിന്നീട് കേസിൽ വിശദവാദം കേട്ട ഹൈക്കോടതി സജിമോൻ പാറയിലിന്‍റെ ഹർജി തള്ളിയ സാഹചര്യത്തിലാണ് റിപ്പോർട്ട് പുറത്തുവിടുവാൻ സർക്കാർ വീണ്ടും നിർബന്ധിതമായിരിക്കുന്നത്.

റിപ്പോർട്ടിലെ അറുപത്തിരണ്ട് പേജുകൾ ഒഴിവാക്കിയാകും സർക്കാർ റിപ്പോർട്ട് പുറത്തുവിടുന്നത്. ആകെയുള്ള 295 പേജുകളിൽ 62 പേജുകൾ ഒഴിവാക്കി 233 പേജുകളാണ് പുറത്തുവിടുന്നത്. റിപ്പോർട്ടിലെ ചില പേജുകൾ പൂർണമായി ഒഴിവാക്കുമ്പോൾ ചില പേജുകളിലെ ഖണ്ഢിക മാത്രമായും ഒഴിവാക്കിയിട്ടുണ്ട്. മലയാള ചലച്ചിത്രലോകത്തെ പ്രമുഖർക്കെതിരെയുള്ള മൊഴികളും പരാതികളുമാണ് ഒഴിവാക്കിയ ഭാഗത്തുള്ളത്. ഈ പരാതികളിലും മൊഴികളിലും വസ്തുതാന്വേഷണം നടക്കാത്ത സാഹചര്യത്തിലാണ് സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയിരിക്കുന്നത്. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച റിപ്പോർട്ട് പുറത്തുവന്നാൽ മലയാള സിനിമ മേഖലയിൽ എന്ത് മാറ്റമുണ്ടാകുമെന്നാണ് ഇനി കണ്ടറിയേണ്ടത്. റിപ്പോർട്ട് പൊതുവേദിയിൽ ചർച്ചയാകുന്നതോടെ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുവാൻ സർക്കാർ എന്ത് തുടർനടപടി സ്വീകരിക്കും എന്നതും ശ്രദ്ധേയമാണ്.

Comments (0)
Add Comment