ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സർക്കാർ അടയിരുന്നത് 5 വർഷം; കേസെടുക്കാനാകില്ലെന്ന് പോലീസ്,‘സിനിമാക്കഥ’യിൽ ഞെട്ടി കേരളം

Jaihind Webdesk
Tuesday, August 20, 2024

 

തിരുവനന്തപുരം: മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രൂരമായ ലൈംഗികചൂഷണങ്ങള്‍ ഉള്‍പ്പെടെ ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് കഴിഞ്ഞ അഞ്ചു വര്‍ഷം ഈ റിപ്പോര്‍ട്ടിനുമേല്‍ അടയിരുന്ന സാംസ്‌കാരിക വകുപ്പും സര്‍ക്കാരുമാണ്. കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പുറത്തുവന്ന കാര്യങ്ങള്‍ കേട്ട് കേരളമാകെ ഞെട്ടിത്തരിച്ചിരിക്കുമ്പോള്‍, സ്വകാര്യതയുടെ പേരില്‍ വെളിപ്പെടുത്താതെ വെച്ചിരിക്കുന്ന അറിയാക്കഥകള്‍ എത്രമാത്രം ഗൗരവകരമായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് ഒരു റിട്ട. ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള സമിതി കാസ്റ്റിങ് കൗച്ച്, നഗ്നതാ പ്രദര്‍ശനം, ലൈംഗിക ചൂഷണം, സൈബര്‍ ആക്രമണം തുടങ്ങി ഗുരുതരമായ കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ചെറുവിരല്‍ അനക്കാന്‍പോലും സര്‍ക്കാര്‍ ഇതുവരെ തയാറായില്ല. സിനിമാ മേഖലയിലെ സ്ത്രീകളുടെ മൊഴികള്‍ കേട്ട് ഹേമ കമ്മിഷന്‍ ഞെട്ടിയോയെന്ന് തനിക്കറിയില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാന്‍റെ പ്രതികരണം. മന്ത്രിയായി മൂന്നര വര്‍ഷത്തിനിടയില്‍ ഒരു നടിയുടെയും പരാതി തനിക്ക് കിട്ടിയിട്ടില്ലെന്നും പറഞ്ഞാണ് മന്ത്രി സജി ചെറിയാന്‍ കയ്യൊഴിയുന്നത്.

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവം വിവാദമായതിനു പിന്നാലെയാണ്, സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ 2017 ജൂലൈ ഒന്നിന് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ. ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്. മുതിര്‍ന്ന നടി ശാരദ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സലകുമാരി എന്നിവര്‍ അംഗങ്ങളായിരുന്നു. വിമന്‍ ഇന്‍ സിനിമ കലക്ടീവ് എന്ന സംഘടനയുടെ രൂപീകരണവും കമ്മിഷന്‍റെ നിയമനത്തിനു കാരണമായിരുന്നു. സിനിമാ മേഖലയിലെ വിവിധ വിഭാഗങ്ങളില്‍പെട്ട നിരവധി ആളുകളുമായി നേരിട്ടു സംസാരിച്ച് മൊഴികള്‍ രേഖപ്പെടുത്തി 2019 ഡിസംബര്‍ 31നാണ് കമ്മിഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് കൈമാറിയത്. അന്നു തൊട്ട് ഇന്നുവരെ റിപ്പോര്‍ട്ടിന്‍റെ ഭാഗങ്ങള്‍ പുറത്തുവരാതിരിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയ സര്‍ക്കാര്‍ പക്ഷേ കമ്മിറ്റിയുടെ കണ്ടെത്തലുകളും ശുപാര്‍ശകളും നടപ്പാക്കി സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കു സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ഒരു തരത്തിലുള്ള നടപടികളും സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല.

ദുരനുഭവങ്ങള്‍ ചെറിയ രീതിയിലെങ്കിലും പുറംലോകം അറിയണമെന്നും പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെയെങ്കിലും പരിഹാരം ഉണ്ടാകണമെന്നും ആഗ്രഹിച്ച സിനിമാ രംഗത്തുള്ള നിരവധി സ്ത്രീകളാണ് ഹേമ കമ്മിഷനു മുന്നില്‍ അവരുടെ ദുരിതാവസ്ഥകള്‍ തുറന്നു പറഞ്ഞത്. സിനിമയെന്ന മായാലോകത്തിനു പിന്നിലെ ആരും അറിയാത്ത വേദനിപ്പിക്കുന്ന ദുരിതസത്യങ്ങള്‍ കേട്ട് ഞെട്ടിപ്പോയെന്നാണ് ജസ്റ്റിസ് ഹേമ തന്‍റെ റിപ്പോര്‍ട്ടില്‍ കുറിച്ചിരിക്കുന്നത്. കേട്ടറിഞ്ഞതും അന്വേഷിച്ചറിഞ്ഞതും എല്ലാം ചേര്‍ത്ത് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കൈമാറി. എന്നാല്‍ പിന്നീടു സര്‍ക്കാര്‍ ഇതിനു നേരെ ഒരു നടപടിയും എടുത്തിരുന്നില്ല. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തന്നെ സര്‍ക്കാരിനു അഞ്ചു വര്‍ഷം വേണ്ടി വന്നു.

മലയാള സിനിമയെ ഒരു കൂട്ടം രാക്ഷസമാരില്‍ നിന്നും  മോചിപ്പിക്കാന്‍ ഉതകുന്ന നിര്‍ദേശങ്ങളായി ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ കാണുന്നതിനു പകരം വലിയ തോതിലുള്ള തലവേദനയായി സര്‍ക്കാര്‍ അതിനെ കണക്കാക്കിയെന്നതാണ് ദൗര്‍ഭാഗ്യകരമായത്. ആദ്യ പിണറായി സര്‍ക്കാര്‍  ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ കണ്ട ഭാവം നടിക്കാതെ ഇരുന്നതും മലയാള സിനിമാ മേഖലയ്ക്ക് തിരിച്ചടിയായി. പിന്നീട് രണ്ടാം പിണറായി സര്‍ക്കാരാണ് കമ്മിഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ മറ്റൊരു സമിതിയെ നിയോഗിച്ചത്. വനിതാ കമ്മിഷന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും കണ്ണടച്ച് ഇരുട്ടാക്കി. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി തവണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിവരാവകാശ കമ്മിഷന്‍ അംഗീകരിച്ചില്ല. നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ഹൈക്കോടതി കൂടി പച്ചക്കൊടി കാട്ടിയെങ്കിലും സ്വകാര്യത പരിഗണിച്ച് അധികൃതര്‍ സെന്‍സര്‍ ചെയ്തതിന്‍റെ ബാക്കിയുള്ള ഭാഗങ്ങളാണ് ജനങ്ങള്‍ക്കു മുന്നിലേക്ക് എത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ടില്‍ പറയുന്നതു പോലെ സര്‍ക്കാര്‍ ചെയ്താല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉപകാരപ്രദമായിരിക്കുമെന്നാണ് ജസ്റ്റിസ് ഹേമ മുമ്പ് പ്രതികരിച്ചത്. സര്‍ക്കാര്‍ നടപടി ഉണ്ടായാല്‍ സിനിമാ മേഖലയില്‍ മെച്ചപ്പെട്ട സുരക്ഷിതത്വവും തൊഴില്‍ സാഹചര്യവും സൃഷ്ടിക്കാന്‍ കഴിയുമെന്ന് ജസ്റ്റിസ് ഹേമ ഉറപ്പു പറയുന്നു. ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിനു നേരെ പൊതുവെ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ് ചെയ്യുന്നത്. ഇതു തുടര്‍ന്നാല്‍ നീതി ലഭിക്കുക എന്ന ആ വലിയ ലക്ഷ്യം വെള്ളത്തില്‍ വരച്ച വര പോലെ കാണാമറയത്തു തന്നെ നിലനില്‍ക്കും എന്നത് വാസ്തവം. എന്തെങ്കിലും തുടര്‍നടപടികള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുമോ എന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്. അല്ലാത്ത പക്ഷം അതു ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിനു ഏല്‍ക്കുന്ന വലിയൊരു അടിയായിരിക്കും എന്നത് തീര്‍ച്ച.