ലോക്ക് ഡൗണിൽ പട്ടിണിയായ ഗജവീരൻമാർക്ക് ഭക്ഷണത്തിന് വഴിയൊരുക്കി എൽദോസ് കുന്നപ്പിള്ളി എംഎൽഎ

Jaihind News Bureau
Wednesday, April 8, 2020

ലോക്ക് ഡൗണിൽ പട്ടിണിയായ ഗജവീരൻമാരുടെ പ്രശ്നം കഴിഞ്ഞ ദിവസങ്ങളില്‍ ആന ഉടമകളുടെ സംഘം അവതരിപ്പിച്ചിരുന്നു. ഇവർക്ക് ഭക്ഷണത്തിന് വഴിയൊരുക്കിയിരിക്കുകയാണ് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി. പെരുമ്പാവൂർ റയോൺസിൻ്റെ പറമ്പിൽ നിന്നും പനമ്പട്ട ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ലോക്ക് ഡൗൺ തുടങ്ങിയ അന്നു മുതൽ പെരുമ്പാവൂരിലെ സന്നദ്ധപ്രവർത്തകർക്കൊപ്പം സജീവമായി രംഗത്തുണ്ട് എംഎൽഎയും. ഈ വർഷത്തെ എംഎൽഎ ഫണ്ടിൽ നിന്നും മണ്ഡലത്തിലെ കൊവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇതുവരെ 10 ലക്ഷം രൂപ എംഎല്‍എ അനുവദിച്ചിരുന്നു.

ലോക്ക് ഡൗണിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ആനകൾക്കുള്ള ഭക്ഷ്യ വസ്തുക്കൾ ലഭിക്കുന്നതിന് ഏറെ ബുദ്ധിമുട്ടുകയാണ്. എറണാകുളം ജില്ലയിൽ 15 നാട്ടാനകളാണ് ഉള്ളത്. ഈ ആനകൾക്ക് ഇപ്പോൾ തീറ്റ ലഭിക്കുന്നതിന് വളരെ ബുദ്ധിമുട്ടുകയാണ്. പെരുമ്പാവൂർ റയോൺസിലെ 67 ഏക്കർ സ്ഥലത്ത് ധാരാളം പനകൾ ഉണ്ട്. ഇവ ആന ഉടമകൾക്ക് പനമ്പട്ട വെട്ടിയെടുക്കുന്നതിനോ അല്ലെങ്കിൽ ആനകളെ അവിടെ തളച്ചു തീറ്റ ലഭ്യമാക്കുന്നതിനോ അനുവദിക്കണമെന്ന് ആന ഉടമകളുടെ സംഘം രക്ഷാധികാരി അഡ്വ. ടി.എൻ അരുൺ കുമാർ ആവശ്യപ്പെട്ടിരുന്നു.

തെങ്ങിന്‍റെ ഓലയും പനമ്പട്ടയുമാണ് സാധാരണ ആനകൾക്ക് നൽകുന്ന തീറ്റ. തീറ്റയുടെ കുറവ് ആനകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. തീറ്റ പരിമിതപ്പെടുതുന്നതിനും ദീര്‍ഘനേരം ആഹാരം കൊടുക്കാതെയിരിക്കുന്നതും ആനകളുടെ പെരുമാറ്റത്തെയും ബാധിക്കും. ആനയുടെ ജീവിതരീതിക്ക് അനുയോജ്യമായ പരിപാലനരീതികള്‍ സ്വീകരിച്ചാല്‍ ആനകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുവാനും ആനയിടഞ്ഞുണ്ടാകുന്ന അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനും കഴിയും.