ചെന്നൈ : കുനൂരില്‍ സൈനിക ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ 11 മരണം സ്ഥിരീകരിച്ച് സൈനികവൃത്തങ്ങള്‍. ആകെ 14 പേരാണ് കോപ്ടറിലുണ്ടായിരുന്നതെന്നാണ് വിവരം. കോയമ്പത്തൂരിൽ നിന്ന് 11.47 ന് പറന്നുയർന്ന ഹെലികോപ്റ്റർ ഉച്ചയ്ക്കു ശേഷമാണ് തകർന്നുവീണത്. ലാൻഡിംഗിന് 10 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്.
മോശം കാലാവസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. വ്യോമസേനയുടെ റഷ്യൻ നിർമിത എംഐ 17V5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. കുനൂരിലെ കാട്ടേരി ഫാമിനു സമീപമാണ് അപകടമുണ്ടായത്. സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ബിപിന്‍ റാവത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽനിന്ന് ഊട്ടിയിലെ വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേയാണ് ഹെലികോപ്റ്റർ തകർന്നത്. സംഭവത്തിൽ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു.
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്‍റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡര്‍, ലെഫ്റ്റനന്‍റ് കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, എന്‍കെ ഗുര്‍സേവക് സിംഗ്, എന്‍കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്. സൈനിക പ്രൊട്ടോക്കോൾ പ്രകാരം അപകടത്തിന്‍റെ വിശദവിവരങ്ങൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. അപകടത്തിന്‍റെ വിവരങ്ങൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്‍റിൽ പ്രസ്താവിക്കും.