ഹെലികോപ്റ്റർ അപകടം: അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന, രാജ്നാഥ് സിംഗ് സംഭവസ്ഥലത്തേക്ക്; സൈനികമേധാവി ഗുരുതരാവസ്ഥയില്‍

Jaihind Webdesk
Wednesday, December 8, 2021

ചെന്നൈ : രാജ്യത്തെ ഞെട്ടിച്ച് ഹെലികോപ്റ്റര്‍ അപകടം.  അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. കൂടുതല്‍ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 14 പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.  കോയമ്പത്തൂരിൽ നിന്ന് ഉന്നതതല മെഡിക്കൽ സംഘം ഊട്ടിയിലെത്തി. സ്ഥലത്തുനിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ വെല്ലിംഗ്ടൺ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 7  മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്‍റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡര്‍, ലെഫ്റ്റനന്‍റ് കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, എന്‍കെ ഗുര്‍സേവക് സിംഗ്, എന്‍കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.

ബിപിന്‍ റാവത്തിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്‍റെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്ത്യൻ സൈന്യത്തെയും ഭരണകൂടത്തെയും തന്നെ ഞെട്ടിച്ച അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ഡല്‍ഹിയില്‍ അടിയന്തര മന്ത്രിസഭായോഗം ചേരുകയാണ് . പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തന്നെ നേരിട്ട് ഊട്ടിയിലെ കൂനൂരിലേക്ക് തിരിക്കാനിരിക്കുകയാണ്. പ്രതിരോധമന്ത്രി വിവരങ്ങൾ പ്രധാനമന്ത്രിയെ നേരിട്ട് ധരിപ്പിക്കുന്നുണ്ട്. ഊട്ടിയിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം പാർലമെന്‍റിൽ അപകടത്തെക്കുറിച്ച് വിശദീകരിക്കും.

വെല്ലിംഗ്ടണ്‍ കന്‍റോണ്‍മെന്‍റില്‍ ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് സൈനിക മേധാവി യാത്ര പുറപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇന്ത്യന്‍ വ്യോമസേനയുടെ F Mi-17V5 എന്ന ഹെലികോപ്ടറിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. കുനൂരില്‍ നിന്ന് വെല്ലിംഗ്ടണ്‍ കന്‍റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേ കോയമ്പത്തൂരിനും സുലൂരിനും ഇടയില്‍ കാട്ടേരി പാര്‍ക്കില്‍‌ ലാന്‍ഡിങ്ങിന് ശ്രമിക്കുമ്പോഴായിരുന്നു അപകടം. ജനവാസ മേഖലയോട് ചേര്‍ന്ന് കുന്നില്‍ ചെരിവാണ് ഈ മേഖല. കനത്ത മൂടല്‍മഞ്ഞ് അപകടത്തിന് ഇടയാക്കിയെന്നാണ് പ്രാഥമിക നിഗമനം.

ആദ്യം സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത് ഓടിയെത്തിയ നാട്ടുകാരാണെങ്കിലും ഇപ്പോൾ സൈന്യം രക്ഷാപ്രവർത്തനം ഏറ്റെടുത്തിട്ടുണ്ട്. അപകടം നടക്കുമ്പോൾ സ്ഥലത്ത് കനത്ത മൂടൽമഞ്ഞുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ലാൻഡിംഗിന് തൊട്ടുമുമ്പാണ് അപകടമുണ്ടായതെന്നും വിവരമുണ്ട്. ഹെലികോപ്ടറിലുണ്ടായിരുന്നവരെ കണ്ടെത്താനും തിരിച്ചറിയാനുമുള്ള ശ്രമങ്ങളും തുടരുകയാണ്. പ്രദേശത്ത് പൊലീസിന്‍റേയും സൈന്യത്തിന്‍റേയും പ്രദേശവാസികളുടേയും സഹായത്തോടെയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.