പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍റെ കനത്ത തോൽവിയുടെ ഞെട്ടൽ വിട്ടുമാറാതെ സിപിഎം. 75,283 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥി വി.കെ. ശ്രീകണ്ഠൻ വിജയരാഘവനെ മലർത്തിയടിച്ചത്. എൽഡിഎഫിന്‍റെ 40,000 ലധികം വോട്ടുകൾ ഇത്തവണ ചോർന്നുവെന്നാണ് സിപിഎം വിലയിരുത്തൽ.
കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരികെ പിടിക്കുക മാത്രമായിരുന്നില്ല, ചിഹ്നം നഷ്ടപ്പെടാതിരിക്കാൻ കൂടി ലക്ഷ്യമിട്ടായിരുന്നു പോളിറ്റ് ബ്യൂറോ അംഗം കൂടിയായ എ. വിജയരാഘവനെ 3 പതിറ്റാണ്ടിനുശേഷം സിപിഎം പാലക്കാട് മത്സരത്തിനിറക്കിയത്. മത്സര രംഗത്തുണ്ടായിരുന്ന ഏക പാർട്ടി പോളിറ്റ് ബ്യൂറോ അംഗം കൂടിയായിരുന്ന വിജയരാഘവന്‍റെ വിജയം പാർട്ടിയും മുന്നണിയും ഉറപ്പിച്ചിരുന്നതാണ്. 89-ൽ 1286 വോട്ടിന്‍റെ ചെറിയ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ കരുത്തനായ വി.എസ്. വിജയരാഘവനെ എ. വിജയരാഘവൻ തോൽപ്പിച്ചിരുന്നു. 91-ൽ എ. വിജയരാഘവൻ പരാജയപ്പെടുകയും ചെയ്തു. എണ്ണയിട്ട യന്ത്രം പോലെ എം.വി ഗോവിന്ദന്‍റെ നിരീക്ഷണത്തിൽ പോരായ്മകൾ പരിഹരിച്ച് ഇത്തവണ മണലത്തിൽ സിപിഎം പ്രവർത്തിച്ചു. ചുരുങ്ങിയത് 25,000 വോട്ടിന്‍റെ വിജയം പ്രതീക്ഷിച്ച് ഫ്ലക്സ് ബോർഡുകൾ വരെ പ്രധാനയിടങ്ങളിൽ സിപിഎം പ്രദർശിപ്പിച്ചിരുന്നു. പക്ഷെ വോട്ട് എണ്ണിത്തീർന്നപ്പോൾ സിറ്റിംഗ് എംപി വി.കെ. ശ്രീകണ്ഠൻ വിജയിച്ചു. വെറും വിജയമല്ല, കഴിഞ്ഞ തവണ നേടിയ 11,000 ലേറെ വോട്ടുകളുടെ ഭൂരിപക്ഷം 6 ഇരട്ടിയോളം വർധിപ്പിച്ച് 75,283 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വി.കെ. ശ്രീകണ്ഠൻ വിജയം ആവർത്തിച്ചത്.
പിബി അംഗത്തിന്‍റെ മാത്രമല്ല, ശക്തമായ സംഘടനാ സംവിധാനമുള്ള സിപിഎമ്മിന്‍റെ തോൽവി കൂടിയാണിത്. പാർട്ടിയിലെ ഉന്നതൻ തോറ്റാൽ സിപിഎം ജില്ലാ നേതൃത്വം ഉത്തരം പറയേണ്ടിവരും. മണ്ഡലത്തിലെ 7 നിയമസഭാ സീറ്റുകളിൽ 5 ഇടത്തും എല്‍ഡിഎഫ് ജനപ്രതിനിധികളാണ്. എന്നിട്ടും സിപിഎമ്മിന് കനത്ത തോൽവി ഏറ്റുവാണ്ടേണ്ടിവന്നു. കണ്ടാൽ ചിരിക്കുന്ന, സംസാരിക്കുന്ന മണ്ഡലത്തിലെ നിറസാന്നിധ്യമായ വി.കെ. ശ്രീകണ്ഠനു മുന്നിൽ സിപിഎമ്മിന്‍റെ സംഘടനാ സംവിധാനങ്ങളെല്ലാം പാളി. 40,000 ലേറെ വോട്ടുകൾ ഇടതുമുന്നണിക്ക് ഇത്തവണ കുറഞ്ഞെന്നാണ് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. പ്രചാരണ രംഗത്തു നിന്നും സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളെ പൂർണ്ണമായും സിപിഎം മാറ്റിനിർത്തിയെന്ന പരാതി നേരത്തെതന്നെയുണ്ട്. എന്തായാലും സർക്കാർ വിരുദ്ധ വികാരത്തില്‍ പാലക്കാടും നഷ്ടമായി എന്നുപറഞ്ഞ് സിപിഎം ജില്ലാ നേതൃത്വത്തിന് തടിതപ്പാൻ പാലക്കാട് സാധിക്കില്ല. തോറ്റത് പിബി അംഗമാണ്.