സംസ്ഥാനത്ത് മഴ കനക്കുന്നു; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ന്യൂനമര്‍ദ്ദം തീവ്രമാകും

Jaihind News Bureau
Monday, November 24, 2025

 

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത ദിവസങ്ങളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുള്ളതാണ് മഴ ശക്തമാകാന്‍ കാരണം. കിഴക്കന്‍ കാറ്റ് സജീവമായതിനാല്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളില്‍ ഇന്ന് (24/11/2025) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കും. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലുമാണ്
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള (24 മണിക്കൂറില്‍ 64.5 – 115.5 ാാ) സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്.

കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ (25/11/2025) വരെ മത്സ്യബന്ധനത്തിന് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഇന്ന് വൈകുന്നേരത്തിന് മുന്‍പായി ഏറ്റവും അടുത്തുള്ള തീരത്ത് തിരിച്ചെത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

നവംബര്‍ 26, 27 തീയതികളില്‍ തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ ദിവസങ്ങളില്‍ അങ്ങോട്ടേക്കുള്ള യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം.

മഴക്കാല ദുരന്തങ്ങളെ നേരിടാനും സഹായങ്ങള്‍ക്കുമായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്:

  • സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍: 1070, 0471 2364424
  • ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ (കലക്ടറേറ്റ്): 1077 (മൊബൈലില്‍ നിന്നാണെങ്കില്‍ ജില്ലയുടെ ടഠഉ കോഡ് ചേര്‍ത്ത് വിളിക്കുക. ഉദാ: തിരുവനന്തപുരം – 0471 1077)
  • പോലീസ് (അടിയന്തര സഹായം): 112
  • ഫയര്‍ & റെസ്‌ക്യൂ: 101
  • ആംബുലന്‍സ്: 108
  • കെഎസ്ഇബി (വൈദ്യുതി സംബന്ധമായ പരാതികള്‍ക്ക്): 1912
  • ദിശ (ആരോഗ്യ സേവനങ്ങള്‍): 1056, 104

അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും, അടിയന്തര സാഹചര്യങ്ങളില്‍ കണ്‍ട്രോള്‍ റൂമുകളില്‍ വിവരമറിയിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.