സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ. 3 ജില്ലകളില്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് മഴക്കെടുതിയും രൂക്ഷമാണ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
സംസ്ഥാനത്താകെ മഴ ശക്തമായി തുടരുകയാണ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് തുടരുകയാണ്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ് . കാസര്‍കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അരലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ഇന്ന് മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മന്ത്രി കെ. രാജന്‍ അറിയിച്ചു. കേരള തീരത്ത് കള്ളക്കടല്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.
അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയും അതിരൂക്ഷമാണ്. ഇടുക്കി നെടുങ്കണ്ടത്ത് വന്‍മരം ഒടിഞ്ഞുവീണ് ഗതാഗതം നടത്തപ്പെട്ടു. നെടുങ്കണ്ടം ആശാരികണ്ടം റോഡിലാണ് പുലര്‍ച്ചെ മരം വീണത്.നെടുങ്കണ്ടം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി. കുമളി മൂന്നാര്‍ സംസ്ഥാന പാതയില്‍ നെടുങ്കണ്ടത്തിനും ശാന്തന്‍പാറക്കും ഇടയില്‍ നിരവധി ഇടങ്ങളിലാണ് മരം വീണും മണ്ണ് ഇടിഞ്ഞുവീണും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മേഖലയില്‍ മഴ തുടരുന്നു. അതേസമയം കണ്ണൂര്‍ കുപ്പത്ത് വീണ്ടും മണ്ണിടിഞ്ഞു. പഴയ സര്‍വ്വീസ് റോഡിനോട് ചേര്‍ന്ന് കോണ്‍ക്രീറ്റ് പ്ലാസ്റ്റര്‍ ചെയ്ത ഭാഗത്തെ മണ്ണാണ് ഇടിഞ്ഞത്. ജില്ല കളക്ടര്‍ അരുണ്‍.കെ.വിജയന്‍ കുപ്പത്ത് സന്ദര്‍ശനം നടത്തി. ദേശീയപാത നിര്‍മ്മാണം നടക്കുന്ന 17 ഇടങ്ങളില്‍ അപകടസാധ്യത ഉളളതായി കണ്ടെത്തിയതായി ജില്ല കളക്ടര്‍ പറഞ്ഞു.
സംസ്ഥാനത്ത് നദികളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പും പുറപ്പെടുവിച്ചു. മീനച്ചില്‍, കോരപ്പുഴ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ ഓറഞ്ച് അലര്‍ട്ടാണ്. അതേസമയം മഴക്കെടുതിയില്‍ മരണം 16 ആയിട്ടുണ്ട്. സംസ്ഥാനത്തെ വിവധയിടങ്ങളിലെ ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു. റെയില്‍വേ ട്രാക്കില്‍ മരങ്ങള്‍ വീണതിനെ തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടത്. നിരവധി ട്രെയിനുകള്‍ വൈകി ഓടുകയാണ്.അതേസമയം അടുത്ത 5 ദിവസം കനത്ത മഴ തുടരുമെന്നും മുന്നറിയിപ്പുമുണ്ട് .